മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ തിരക്ക് വര്‍ദ്ധിച്ചു
ലോകത്തിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടക്കുന്നത്. പ്രതിദിനം ലക്ഷക്കണക്കിനാളുകള്‍ ഹറമില്‍ നോമ്പു തുറക്കുന്നു. ഉംറ തീര്‍ഥാടത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ക്കൊപ്പം സ്വദേശികളും ഹറമിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നു
റമദാന്‍ അവസാന ദിനങ്ങളിലേക്ക് കടന്നതോടെ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ തിരക്ക് വര്‍ദ്ധിച്ചു. പ്രതിദിനം ആറ് ലക്ഷത്തിലേറെ പേരാണ് ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നത്. മസ്ജിദിലെത്തുന്ന മുഴുവനാളുകള്‍ക്കും നോമ്പ് തുറക്കാനുള്ള സൌകര്യം ഇവിടെയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടക്കുന്നത്. പ്രതിദിനം ലക്ഷക്കണക്കിനാളുകള്‍ ഹറമില്‍ നോമ്പു തുറക്കുന്നു. ഉംറ തീര്‍ഥാടത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ക്കൊപ്പം സ്വദേശികളും ഹറമിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നു. വിപുലമായ സൌകര്യമാണ് നോമ്പ് തുറക്ക് ഇവിടെയുള്ളത്.
സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളുമാണ് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കുന്നത്. ഓരോ ഏജന്‍സികള്‍ക്കും നേരത്തെ തന്നെ പ്രദേശങ്ങള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. വൈകീട്ട് അസര്‍ നമസ്കാരം അവസാനിക്കുന്നതോടെ ഒരുക്കങ്ങള്‍ ആരംഭിക്കും. മസ്ജിദിന് അകത്തും മുറ്റങ്ങളിലും മുകള്‍ ഭാഗത്തും സുപ്രകള്‍ വിരിച്ച് തുടങ്ങും. ഈ സുപ്രകള്‍ ഒറ്റവരിയായിരുന്നെങ്കില്‍ കിലോമീറ്ററുകള്‍ നീളമുണ്ടാകും.
ലളിതമായ വിഭവങ്ങളാണ് നോമ്പ് തുറക്കാന്‍ ലഭിക്കുക. ഈത്തപ്പഴവും സംസം വെള്ളവുമാണ് പ്രധാന വിഭവങ്ങള്‍. ചെറിയ ജ്യൂസ് പാക്കറ്റുകളും സാന്‍റ് വിച്ചും ലഭിക്കും. സ്വദേശികളായ അറബികള്‍ വീടുകളില്‍ നിന്ന് കഹ് വയും സമ്മൂസ പോലുള്ള ചെറിയ വിഭവങ്ങളും കൊണ്ടുവന്നു വിതരണം ചെയ്യാറുണ്ട്. എന്നാല്‍ മസ്ജിദിനകത്ത് സംസവും ഈത്തപ്പഴവും മാത്രമേ അനുവദിക്കുകയുള്ളൂ.
നോമ്പ് തുറക്ക് അര മണിക്കൂര്‍ മുന്നേ സുപ്രകള്‍ക്ക് ഇരുവശവും ആളുകള്‍ നിറയും. ബാങ്ക് കൊടുത്ത് പത്ത് മിനുട്ടിനുള്ളില്‍ ഇവിടം വൃത്തിയാക്കി മഗ് രിബ് നമസ്കാരത്തിന് സൌകര്യമൊരുക്കും. ഹറമിലെ ഇഫ്താറിന്‍റെ പുണ്യം തേടി നിരവധി മലയാളികളും ഓരോ ദിവസും ഇവിടെയെത്താറുണ്ട്.