പാണാവള്ളിയിൽ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു
അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
ചേർത്തല പാണാവള്ളിയിൽ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃച്ചാട്ടു കുളം എൻ എസ് എസ് സ്കൂൾ വിദ്യാർത്ഥി നിസാമുദ്ദീനെ കാണാതായി 18 ദിവസമായിട്ടും പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
പാണാവള്ളി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ തോട്ടത്തിൽ നികർത്ത് താജുദ്ദീൻ റൈഹാനത്ത് ദമ്പതികളുടെ മകൻ നിസാമുദ്ദീനെയാണ് ഏപ്രിൽ 8 മുതൽ കാണാതായത്. പത്താം ക്ലാസ് പരീക്ഷകഴിഞ്ഞു നിൽക്കുന്ന നിസാമുദ്ദീൻ ബന്ധുവും സമപ്രായക്കാരനുമായ ഇർഫാനോടൊപ്പമാണ് അന്ന് വൈകിട്ട് 6 മണിയോടെ തളിയാ പറമ്പ് പൂരം കാണാൻ പോയത്. തന്റെ മൊബൈൽ ഫോൺ ഇർഫാന് നൽകി, ഇർഫാനെ പുറത്ത് കാവൽ നിർത്തി നിസാമുദ്ദീൻ സുഹൃത്ത് കൃഷ്ണാനന്ദിന്റെ വീട്ടിലേക്ക് കയറിപ്പോയി. പിന്നീട് നിസാമുദ്ദീനെ ബന്ധുക്കളാരും കണ്ടിട്ടില്ല. പിൻവാതിലിലൂടെ നിസാമുദ്ദീൻ പോയെന്നാണ് കൃഷ്ണാനന്ദിന്റെ വീട്ടുകാർ പറയുന്നത്.മൊബൈൽ ഫോൺ ബയോ മെട്രിക് സംവിധാനം ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു. സംഭവം നടന്നിട്ട് മൂന്നാഴ്ചയോളമായിട്ടും പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ആദ്യം പൂച്ചാക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസിന്റെ അന്വേഷണം ചേർത്തല സി ഐ ഏറ്റെടുത്തിട്ടുണ്ട്.