ചെളിയിൽ താഴ്ന്ന ആനയെ രക്ഷിച്ചു
പുലർച്ചെ മൂന്നു മണിയോടെ ലോറിയിൽ കൊണ്ടു പോവുകയായിരുന്ന ആനയാണ് ഇടഞ്ഞോടിയത്. 15മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ആനയെ രക്ഷിച്ചത്..
ആലപ്പുഴ തുറവൂരിൽ ചതുപ്പിൽ വീണ ആനയെ രക്ഷിച്ചു. പതിനാറ് മണിക്കൂറിലധികം ചെളിയിൽ താഴ്ന്ന് കിടന്ന ആനയെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന നടത്തിയ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കരയ്ക്കെത്തിക്കാനായത്. പതിനഞ്ച് മണിക്കൂർ മനുഷ്യാധ്വാനം മാത്രമുപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനം ഒടുവിൽ വിജയം കണ്ടു. അവശ നിലയിലായിരുന്നിട്ടും രക്ഷപ്പെടാൻ ആന തന്നെ നടത്തിയ ശ്രമമാണ് ഗുണകരമായത്.
പുലർച്ചെ മൂന്ന് മണിയോടെ ലോറിയിൽ കൊണ്ടു പോവുകയായിരുന്ന ആന ഇടഞ്ഞ് ഓടുകയായിരുന്നു. ഉത്സവത്തിന് ശേഷം തൃക്കാക്കരയിൽ നിന്ന് ആലപ്പുഴ മുല്ലക്കലിലേക്ക് കൊണ്ട് പോകുമ്പോഴാണ് മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന ആന ലോറിയുടെ ചട്ടക്കൂട് തകർത്ത് ഇടഞ്ഞോടിയത്. ദേശീയ പാതയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം ഓടിയ ആന തുറവുർ അനന്തൻ കരിയെന്ന സ്ഥലത്ത് ചതുപ്പിൽ വീഴുകയായിരുന്നു. ആന താഴ്ന്ന പ്രദേശം വെള്ളം നിറഞ്ഞ ചതുപ്പായതിനാൽ ക്രെയിനും മണ്ണുമാന്തി യന്ത്രവുമുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ കയറുപയോഗിച്ച് വലിച്ച് കയറ്റാനുള്ള ശ്രമം നടത്തിയത്.
മണിക്കൂറുകളായി ചെളിയിൽ താഴ്ന് കിടക്കുന്നതും ആഹാരം കഴിക്കാത്തതും ആനയെ അവശനിലയിലാക്കിയത് പ്രതിസന്ധിയായി. ഡോക്ടറുടെ സേവനം സ്ഥലത്ത് ഉറപ്പ് വരുത്തിയിരുന്നു. ആവശ്യമായ ലൈറ്റുകൾ ക്രമികരിച്ച് രാത്രിയും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ എട്ടേകാലോടെ ആനയെ കരയ്ക്കെത്തിച്ചു.