തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം പരുങ്ങലില്‍
ത്വരിതാന്വേഷണം പ്രഖ്യാപിച്ചതോടെ സര്‍ക്കാരും ഇടത് മുന്നണിയും കടുത്ത പ്രതിരോധത്തില്‍...
മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതോടെ സര്‍ക്കാരും ഇടത് മുന്നണിയും കടുത്ത പ്രതിരോധത്തില്‍. മന്ത്രിയെ ഇത് വരെ സംരക്ഷിച്ചിരുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഇനി മൌനം പാലിക്കാന്‍ കഴിയില്ല. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ ഭാവി സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കും.
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് വന്നിട്ടും മന്ത്രിയെ സംരക്ഷിക്കാനായിരുന്നു സര്‍ക്കാരും, സിപിഎമ്മും തീരുമാനിച്ചത്. ആദ്യം കടുപ്പിച്ച സിപിഐ മുന്നണിയുടെ ജാഥകള്‍ നടക്കുന്നതിനാല്‍ അല്‍പ്പം പിന്നോട്ട് പോവുകയും ചെയ്തു. തുടര്‍ നടപടികള്‍ വേഗത്തില്‍ എടുക്കാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് മുഖ്യമന്ത്രി എജിയോട് നിയമോപദേശം തേടിയതും. എന്നാല്‍ ജനജാഗ്രത യാത്രക്കിടെ തോമസ് ചാണ്ടി വെല്ലുവിളി നടത്തിയതോടെ മന്ത്രിയെ സംരക്ഷിക്കേണ്ടന്ന നിലപാടിലേക്ക് ഇടത് നേതാക്കള്‍ എത്തി.
മുഖ്യമന്ത്രി അത്യപ്തി തോമസ് ചാണ്ടിയെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും തീരുമാനിച്ചു. നിയമോപദേശമോ കോടതി ഉത്തരവോ എതിരായാല്‍ രാജിയടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് സിപിഎം നേതാക്കളില്‍ നിന്ന് അന്ന് ലഭിച്ചത്. ഇതിനിടയിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ നടപടി.
കഴിഞ്ഞ മന്ത്രിസഭയിലെ കെഎം മാണി അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ രാജി വേണമെന്ന നിലപാടിലായിരുന്നു ഇടത് മുന്നണി. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗവും, തൊട്ട് പിന്നാലെ നടക്കാനിരിക്കുന്ന എല്‍ഡിഎഫ് യോഗവുമായിരിക്കും തോമസ് ചാണ്ടിയുടെ വിധിയെഴുതുക.