സര്‍ക്കാരിനെ നയിക്കാനില്ല; വി എസിന്റെ റോള്‍ എന്ത്?
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതോടെ തുല്യമായ പദവിയോടെ വി എസ് അച്യുതാനന്ദനെ പുതിയ സര്‍ക്കാറിന്റെ ഭാഗമാക്കാനാണ് സിപിഎം ശ്രമം. എന്നാല്‍ വി എസ് അതിന് തയ്യാറായില്ലെങ്കില്‍ ഭരണ കക്ഷി എം എല്‍ എ മാത്രമായി അദ്ദേഹം ചുരുങ്ങും.
പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതോടെ തുല്യമായ പദവിയോടെ വി എസ് അച്യുതാനന്ദനെ പുതിയ സര്‍ക്കാറിന്റെ ഭാഗമാക്കാനാണ് സിപിഎം ശ്രമം. എന്നാല്‍ വി എസ് അതിന് തയ്യാറായില്ലെങ്കില്‍ ഭരണ കക്ഷി എം എല്‍ എ മാത്രമായി അദ്ദേഹം ചുരുങ്ങും. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചകള്‍ വിവാദങ്ങളില്ലാതെ അവസാനിപ്പിക്കാനായത്.
2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ്, 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി, അടുത്ത 5 വര്‍ഷം വീണ്ടും പ്രതിപക്ഷ നേതാവ്. കഴിഞ്ഞ 15 വര്‍ഷവും കാബിനറ്റ് റാങ്കിലായിരുന്നു വി എസ് അച്യുതാനന്ദന്‍. ഈ തെരഞ്ഞെടുപ്പിലും മുഖ്യ ശ്രദ്ധാകേന്ദ്രം വി എസ് ആയിരുന്നു. പൊതുയോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത് വി എസ്. 92ാം വയസ്സിലും ക്ഷീണമില്ലാതെ കേരളം മുഴുവന്‍ പ്രചാരണത്തിനെത്തി. സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി.
വി എസിന്റെ സാന്നിധ്യം തന്നെയാണ് ഇടതുമുന്നണിക്ക് ഇത്ര തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്തതെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ സര്‍ക്കാറിനെ നയിക്കാനുളള ചുമതല പാര്‍ട്ടി പിണറായി വിജയനെ ഏല്‍പിക്കുകയായിരുന്നു. വിഎസിന്റെ റോള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഭംഗിയായി അവസാനിപ്പിക്കാനായത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൂടി വിജയമാണ്.
ഇനി മത്സരിക്കാനില്ലെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്ന വി എസിനെ വിവാദങ്ങള്‍ക്കിട നല്‍കാതെ മത്സരരംഗത്തിറക്കി. ഇപ്പോള്‍ വി എസിന്റെ സാന്നിധ്യത്തില്‍ തന്നെ പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഇതുവഴി പാര്‍ട്ടി തീരുമാനം വി എസിന്റേത് കൂടിയാണെന്ന സന്ദേശം അണികള്‍ക്ക് നല്‍കാനും കഴിഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം വി എസ് കാറില്‍ കയറുന്നതുവരെ യെച്ചൂരി അനുഗമിക്കുകയും ചെയ്തു.
അതേസമയം, പിണറായിലെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ വി എസ് പൂര്‍ണ തൃപ്തനാണോയെന്ന് വ്യക്തമല്ല. പിണറായിക്ക് തുല്യമായ പദവിയെന്ന പാര്‍ട്ടി നിര്‍ദേശം വി എസ് അംഗീകരിക്കുമോയെന്നും സംശയമാണ്. എങ്കിലും പാര്‍ട്ടിതീരുമാനത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കാന്‍ വി എസ് തയ്യാറാവാനിടയില്ല. മുന്‍പ് വി എസിന് സീറ്റ് നിഷേധിച്ചപ്പോഴും മുഖ്യമന്ത്രി പദവി നല്‍കാതിരിക്കാന്‍ ശ്രമിച്ചപ്പോഴുമൊക്കെയുണ്ടായ പ്രതിഷേധം ഇന്ന് ഉയരുന്നില്ല എന്നതും ശ്രദ്ധേയമാണ്.