'വിജിലന്‍സ് കോടതിയിലെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം'
വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന ഹൈക്കോടതിയെ സമീപിച്ചു
വിജിലന്‍സ് കോടതിയിലെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസുകള്‍ പോലും കോടതികള്‍ തീര്‍പ്പാക്കുന്നില്ലെന്നാണ് പരാതി.
സംസ്ഥാന വിജിലന്‍സിന്‍റെ ചരിത്രത്തിലാദ്യമായാണ് ഡയറക്ടര്‍ വിജിലന്‍സ് കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസുകള്‍ സമയബന്ധിതമായി തീരുന്നില്ലെന്ന് കാണിച്ച് ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന ഹൈക്കോടതിക്ക് കത്തയച്ചു. നടപടി ക്രമങ്ങള്‍ അവസാനിച്ച കേസുകളില്‍ പോലും തീര്‍പ്പുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കേസുകളുടെ ബാഹുല്യം മൂലമാണ് തീര്‍പ്പ് വൈകുന്നതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
ആറ് വിജിലന്‍സ് കോടതികളാണ് സംസ്ഥാനത്തുള്ളത്. ഈ കോടതികളില്‍ തീരാത്തത്രയും കേസുകള്‍ ദിനം പ്രതി കോടതികളില്‍ എത്തുന്നുണ്ട്. നേരത്തെ വിജിലന്‍സില്‍ നിയമോപദേശം നിര്‍ബന്ധമല്ലെന്ന് കാണിച്ച് എന്‍ സി അസ്താന ഉത്തരവിറക്കിയിത് വിവാദമായിരുന്നു.