‘ബിജെപിയുടെ രാഷ്ട്രീയം സിപിഎമ്മിന് മനസ്സിലാകില്ല’; കെ. സുരേന്ദ്രനുമായി തൃശൂർ മേയർ കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ്
ബുധനാഴ്ചയാണ് എം.കെ വർഗീസിന്റെ മണ്ണുത്തിയിലെ വീട്ടിൽ കെ. സുരേന്ദ്രൻ എത്തിയത്
തൃശൂർ: കോർപ്പറേഷൻ മേയർ എം.കെ വർഗീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ്. മറ്റു കോർപറേഷനുകളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്താതെ തൃശൂർ മേയറെ മാത്രം കെ. സുരേന്ദ്രൻ ക്രിസ്മസ് ദിനത്തിൽ കണ്ടതിൽ രാഷ്ടീയമുണ്ടെന്ന് കെപിസിസി എക്സിക്യൂട്ടിവ് അംഗം അനിൽ അക്കര ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയം ആർക്ക് മനസ്സിലായാലും തൃശ്ശൂരിലെ സിപിഎമ്മിന് മനസ്സിലാകില്ലെന്നും അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘കേരളത്തിലെ, ഒരേഒരു മേയർക്ക് കേക്ക് കൊടുത്ത് ബിജെപി പ്രസിഡൻ്റ്. കേരളത്തിലെ ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴിച്ച് ബാക്കി അഞ്ചും സിപിഎം മേയർമാരാണ്. അവിടെയൊന്നും പോകാതെ കോഴിക്കോട്ടെ സ്വന്തം മേയർക്ക് പോലും നൽകാതെ തൃശൂർ മേയറെ വീട്ടിൽ പോയികണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആർക്ക് മനസ്സിലായാലും തൃശ്ശൂരിലെ സിപിഎമ്മിന് മനസ്സിലാകില്ല. അത് ഒട്ടകപക്ഷിയുടെ തല മണ്ണിൽ പൂഴ്ത്തിയത് പോലെയാണ്’ -എന്നായിരുന്നു പോസ്റ്റ്.
ബുധനാഴ്ചയാണ് എം.കെ വർഗീസിന്റെ മണ്ണുത്തിയിലെ വീട്ടിൽ കെ. സുരേന്ദ്രൻ എത്തിയത്. മേയറെ കണ്ടത് സ്നേഹ യാത്രയുടെ ഭാഗമാണെന്നും ക്രിസ്മസ് സന്ദേശം മാത്രമാണ് നൽകിയതെന്നും രാഷ്ട്രീയം ഇല്ലെന്നും കെ. സുരേന്ദ്ര പറഞ്ഞിരുന്നു.
ക്രിസ്മസ് ദിവസം ആര് വന്നാലും സ്വീകരിക്കുമെന്നും മേയർ എം.കെ വർഗീസും പ്രതികരിച്ചു. സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.