ജിഎസ്ടിയില്‍ ധനമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച് എകെ ബാലന്‍
ചെക്ക് പോസ്റ്റ് വഴി ഏത് സാധനവും കൊണ്ടുവരാമെന്നതാണ് സ്ഥിതിയെന്ന് വിമര്‍ശനം...
ജിഎസ്ടിയില്‍ ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍. ജിഎസ്ടിയുടെ അപകടം സംബന്ധിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, ഒരു കുഴപ്പവുമുണ്ടാവില്ലെന്നായിരുന്നു മറുപടിയെന്ന് മന്ത്രി ബാലന്‍ പാലക്കാട് പറഞ്ഞു.
സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ ചരക്കുകളുടെ വിവരശേഖരണം രണ്ടാഴ്ച മുമ്പ് അവസാനിപ്പിച്ചിരുന്നു. ഇതോടെ, സംസ്ഥാനത്തേക്കെത്തുന്ന ചരക്കുകളുടെ വിവരശേഖരണവും നിലച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിമര്‍ശം. ജിഎസ്ടിയില്‍ സംസ്ഥാനത്തിന് എത്ര നികുതി ലഭിക്കുന്നുവെന്ന കാര്യം സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകള്‍ക്കറിയില്ലെന്ന് മന്ത്രി എകെ ബാലന്‍ ആരോപിച്ചു.
ഗുജറാത്തിലെ ടെക്സ്റ്റൈല്‍ മില്ലുകളുടെ ഗൌഡൌണായി കേരളം മാറിയിരിക്കുന്നു. സംസ്ഥാനത്തെത്തുന്ന ചരക്കുകളുടെ ഇരുപത്തഞ്ച് ശതമാനത്തിന് മാത്രമാണ് ബില്ലുണ്ടാവുക. ഇത് സംബന്ധിച്ച അപകടം താന്‍ നേരത്തെ തന്നെ ധനമന്ത്രിയെയും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ധരിപ്പിച്ചിരുന്നതാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് കരുതി പദ്ധതി നിര്‍വഹണത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്തിരിയരുതെന്നും സര്‍ക്കാര്‍ ഉടന്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.