തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു,നിയമോപദേശം എതിരായാല്‍ രാജി
ചാണ്ടിയെ പിന്തുണക്കേണ്ടെന്ന് സിപിഎമ്മില്‍ ധാരണ
കയ്യേറ്റ ആരോപണത്തില്‍ കുരുക്കിലായ തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. തോമസ് ചാണ്ടിക്ക് ഇനി പിന്തുണ നല്‍കേണ്ടെന്നും രാജി കാര്യത്തില്‍ ചാണ്ടി തന്നെ തീരുമാനം എടുക്കട്ടെയെന്നുമാണ് സിപിഎമ്മിലുണ്ടായ ധാരണ. രാവിലെ ആരംഭിച്ച സിപിഎമ്മിന്റെയും സിപിഐയുടേയും നേതൃയോഗങ്ങളും തോമസ് ചാണ്ടിക്ക് നിര്‍ണ്ണായകമാണ്.
കയ്യേറ്റ ആരോപണം വന്ന ഘട്ടം മുതല്‍ മുഖ്യമന്ത്രിയും സിപിഎമ്മും തോമസ് ചാണ്ടിക്ക് പൂര്‍ണ്ണപിന്തുണ നല്‍കിയിരുന്നു.എന്നാല്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണവും ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശവും വന്നതോടെ സിപിഎമ്മും സമ്മര്‍ദ്ദത്തിലായി.നിയമോപദേശം എതിരായാല്‍ രാജിയുണ്ടാകാനാണ് സാധ്യത. ഇത് തോമസ് ചാണ്ടിയെ നേതൃത്വം അറിയിച്ചിട്ടുമുണ്ട്. രാജിയുടെ കാര്യത്തില്‍ ചാണ്ടി സ്വന്തമായി തീരുമാനമെടുക്കട്ടെ എന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം ഗുരുതരമാണെന്ന് മുഖ്യമന്ത്രി തന്നെ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്.നിയമോപദേശം എതിരായാല്‍ എന്‍സിപിക്കും രാജിയില്ലെന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടി വന്നേക്കും.അതേസമയം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തേക്കും. സിപിഐയുടെ നിര്‍വ്വാഹകസമിതി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്. സിപിഎമ്മിന്റെയും സിപിഐയുടേയും അഭിപ്രായങ്ങള്‍ തേടിയ ശേഷം ഇന്ന് ഇടത് മുന്നണിയുടെ യോഗം ചേരാനും സാധ്യതയുണ്ട്.