യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചെങ്കിലും പിന്തുണക്കും: തൃശൂര്‍ അതിരൂപത
യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് വ്യക്തമാക്കി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം.
യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് വ്യക്തമാക്കി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. മദ്യനയം തന്നെയാണ് ഇത്തവണ പ്രധാന വിഷയം. ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിക്കുമ്പോള്‍ മദ്യനിരോധനം അട്ടിമറിക്കുന്ന തരത്തിലാണ് എല്‍ഡിഎഫിന്റെ നീക്കങ്ങളെന്നും സഭയുടെ കുറ്റപ്പെടുത്തി. തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയിലൂടെയാണ് സഭ നിലപാട് വ്യക്തമാക്കിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്ത് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ട സമൂഹമെന്ന വേദന ക്രൈസ്തവസഭക്കുണ്ടങ്കിലും തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയം മദ്യനിരോധനം തന്നെയായിരിക്കും. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ 2006ലെ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക സമീപനങ്ങളില്‍ യുഡിഎഫിന്റെ കാലത്ത് മാറ്റമുണ്ടായില്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ കത്തോലിക്ക സഭയോട് അവഗണനയും തൊട്ടുകൂടായ്മയും തുടര്‍ന്നുവെന്നും തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രം കുറ്റപ്പെടുത്തുന്നു. മദ്യാനുകൂലികളും മദ്യവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തേത്. യുഡിഎഫ് പൂട്ടിയ 730 ബാറുകളും തുറക്കുമെന്നും മദ്യനിരോധന നയം പൊളിച്ചെഴുതുമെന്നുമുള്ള ധ്വനിയാണ് എല്‍ഡിഎഫിന്റേത്.
10 വര്‍ഷം കൊണ്ട് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നവര്‍ സംസ്ഥാനത്ത് പുതിയ വ്യവസായമോ ഫാക്ടറിയോ വന്നാല്‍ അതിനെ തകര്‍ക്കാനാണ് ശ്രമിക്കുകയെന്നും ലേഖനത്തിലുണ്ട്. അതേസമയം തൃശൂരിലെ കത്തോലിക്ക സമൂഹത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജക്ക് തൃശ്ശൂരില്‍ ചരിത്ര നിയോഗമാണെന്നും കത്തോലിക്ക സഭ വ്യക്തമാക്കുന്നു. രണ്ട് മാസം മുമ്പ് യുഡിഎഫിനെ തല്ലി അതിരൂപത മുഖപത്രം പുറത്തിറങ്ങിയിരുന്നു. മന്ത്രി സി എന്‍ ബാലകൃഷ്ണനെയും തേറമ്പില്‍ രാമകൃഷ്ണനെയും മാറ്റി നിര്‍ത്തണമെന്ന സഭയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചതാണ് ഇപ്പോഴത്തെ നിലപാട് മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.