പരീക്ഷാ സഹായിയിലെ ചോദ്യങ്ങൾ അതേപടി പകർത്തി പി എസ് സി
കഴിഞ്ഞ ദിവസം നടന്ന ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷയിലാണ് പിഎസ് സി പകര്‍ത്തിയ ചോദ്യം ഉള്‍പ്പെടുത്തിയത്
സ്വകാര്യ ഏജന്‍സി തയാറാക്കിയ പരീക്ഷാ സഹായിയിലെ ചോദ്യങ്ങൾ അതേപടി പകർത്തി പി എസ് സി. കഴിഞ്ഞ ദിവസം നടന്ന ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷയിലാണ് പിഎസ് സി പകര്‍ത്തിയ ചോദ്യം ഉള്‍പ്പെടുത്തിയത്.100 ചോദ്യങ്ങളുണ്ടായിരുന്ന പരീക്ഷയില്‍ 30 ചോദ്യങ്ങളും പരീക്ഷാ സഹായില്‍നിന്ന് തെരഞ്ഞെടുത്തവയാണ്. ഡല്‍ഹി ആസ്ഥാനമായ മെയ്ഡ് ഈസി എന്ന സ്വകാര്യ സ്ഥാപനം തയാറാക്കിയ പരീക്ഷാ സഹായിയില്‍ നിന്നാണ് ചോദ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 1993 മുതല്‍ നടന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ ഈ ഗൈഡിലുണ്ട്. ഇവ വള്ളി പുള്ളി തെറ്റാതെയാണ് പുതിയ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരീക്ഷയുടെ സിലബസും പി എസ് സി മുൻകൂട്ടി തയ്യാറാക്കി നൽകിയിരുന്നില്ല. ഉദ്യോഗാര്‍ഥികളുടെ പരീക്ഷാ തയ്യാറെടുപ്പുകളെയും ഇത് വലച്ചു. മുന്‍ വര്‍ഷങ്ങളിലെ സിലബസ് നോക്കിയാണ് പലരും പരീക്ഷയ്ക്ക് തയ്യാറെടുത്തത്. എന്നാല്‍ സിലബസിന് പുറത്ത് നിന്നു ചോദ്യങ്ങള്‍ ഉള്‍പെടുത്തി അവരെയും പിഎസ്‍സി വട്ടം കറക്കി. പഠനത്തിനായി ഡല്‍ഹി ഗൈഡിനെ ആശ്രയിക്കാത്തവര്‍ക്ക് വിജയിക്കാനാകാത്ത സ്ഥിതിയാണെന്നും പരീക്ഷാര്‍ഥികള്‍ പറയുന്നു.