ആക്ഷന്‍ പ്ലാന്‍ ഫലം കണ്ടില്ല, പമ്പ ഇപ്പോഴും മാലിന്യവാഹിനി
2002ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഇപ്പോഴും നിലവിലുണ്ടെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മരവിച്ച നിലയിലാണ്
പുണ്യനദിയായ പമ്പയുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ച പമ്പാ ആക്ഷന്‍ പ്ലാന്‍ ഉദ്ദേശലക്ഷ്യം കണ്ടില്ല. 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഇപ്പോഴും നിലവിലുണ്ടെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മരവിച്ച നിലയിലാണ്.
പദ്ധതി ചെലവിന്റെ 70 ശതമാനം കേന്ദ്രം വഹിക്കുന്ന പദ്ധതിക്ക് 320 കോടി രൂപ 2002 ല്‍ അനുവദിച്ചു. പശ്ചിമഘട്ടത്തിലെ ശബരിമല മലനിരകളില്‍ ഉത്ഭവിച്ച് വേമ്പനാട്ട് കായലില്‍ പതിക്കുന്ന പമ്പയുടെ 176 കിലോമീറ്റര്‍ പ്രദേശത്തെ 36 ഗ്രാമപഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും സമ്പൂര്‍ണമായി മാലിന്യ വിമുക്തമാക്കുകയായിരുന്നു പദ്ധതിയിലെ പ്രധാന ഇനം. ഇത് നടപ്പിലായില്ല, പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് അനുദിനം വര്‍ദ്ധിക്കുകയാണ്. വേനല്‍ക്കാലത്ത് സ്ഥിതി കൂടുതല്‍ ഗുരുതരമാകും. പരന്നൊഴുകിയിരുന്ന പമ്പ അനിയന്ത്രിതമായ മണലെടുപ്പ് മൂലം പലയിടത്തും വിസ്തൃതി കുറഞ്ഞു. ജലനിരപ്പ് സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു. ഇതുമൂലം ഉപ്പിന്റെ സാന്നിധ്യം കൂടുകയും മുപ്പതോളം മത്സ്യ ഇനങ്ങള്‍ വംശനാശ ഭീഷണയിലുമായി
157 കൈവഴികളാണ് പമ്പയ്ക്കുള്ളത്. കോഴഞ്ചേരിയില്‍ നിന്നുള്ള കാഴ്ചയാണിത്. അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഇത്തരത്തില്‍ പമ്പയിലെത്തും പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ 40 ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള 22 പദ്ധതികളുടെ ശ്രോതസ്സാണ് പമ്പ. രോഗഹാരിണി എന്ന് വിശേഷണമുണ്ടായിരുന്ന പുണ്യ പമ്പ ഇപ്പോള്‍ രോഗവാഹിയാണ്.