നഗരസഭ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാനാവില്ലെന്ന് ലേക്ക് പാലസ് റിസോര്‍ട്ട്
വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ നിലപാട് നിയമവിരുദ്ധമാണെന്ന് ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ പ്രതികരിച്ചു.
ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാനാവില്ലെന്ന് ലേക്ക് പാലസ് റിസോര്‍ട്ട് നഗരസഭയെ അറിയിച്ചു. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ നിലപാട് നിയമവിരുദ്ധമാണെന്ന് ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ പ്രതികരിച്ചു. അധികാര ദുര്‍വിനിയോഗം നടത്തിയ തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി ഐ ദേശീയ നേതൃത്വവും രംഗത്തെത്തി.
ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകകളും ഹാജരാക്കിയാണ് അനുമതി നേടിയതെന്നും ആ രേഖകള്‍ സൂക്ഷിക്കേണ്ടത് നഗരസഭയാണെന്നുമാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ മറുപടി. അനുമതി നല്‍കി 17 വര്‍ഷം കഴിഞ്ഞ് വീണ്ടും എല്ലാ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നത് നിയമാനുസൃതമായ നടപടിയല്ലെന്നും കമ്പനി വിശദീകരിച്ചു. എന്നാല്‍ നഗരസഭാ സെക്രട്ടറി എപ്പോള്‍ ആവശ്യപ്പെട്ടാലും രേഖകള്‍ ഹാജരാക്കണമെന്ന് നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു.
ഇതിനിടെ തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ ദേശീയ നേതൃത്വം രംഗത്തെത്തി. തെറ്റ് ചെയ്തത് ആരായാലും നടപടിയെടുക്കണെമന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ചു.