ശബരിമല തീര്‍ത്ഥാടന കാലം അരികെ, ചെളിക്കുഴിയായി പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്
ചെളിക്കുഴിയായതിനാല്‍ ബസ്സുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ പെടാപ്പാട് പെടേണ്ടിവരും
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ അയ്യപ്പന്‍മാര്‍ വന്നിറങ്ങുന്ന പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് ചെളിക്കുഴിയായി മാറിയിരിക്കുകയാണ്. വലിയ കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുന്നതും പൊട്ടിപ്പൊളിഞ്ഞ കെട്ടിടവുമാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ചെളിക്കുഴിയായതിനാല്‍ ബസ്സുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ പെടാപ്പാട് പെടേണ്ടിവരും. പുതിയ സ്റ്റാന്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെയാണ് കെ എസ് ആര്‍ ടി സി ബസ്സുകളും ആശ്രയിക്കുന്നത്. ഈ കാണുന്നത് കുളമല്ല, 25 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനായി മണ്ണെടുത്ത് മാറ്റിയതാണ്, മാസം മൂന്ന് കഴിഞ്ഞു.
ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ അയ്യപ്പന്‍മാര്‍ക്കായി ഇവിടെയുള്ളത് കുറച്ച് സൂചന ബോര്‍ഡുകള്‍ മാത്രം, എല്ലാ ഒരുക്കങ്ങളും ദ്രുതഗതിയില്‍ എന്ന് ഔദ്യോഗിക സംവിധാനം അവകാശപ്പെടുമ്പോഴാണ് ഈ സ്ഥിതി.