തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വിരിതാന്വേഷണം വൈകിയേക്കും
ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കാന്‍ ഈ സമയപരിധിക്കുള്ളില്‍ സാധിച്ചേക്കില്ല
തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണം വൈകിയേക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കാന്‍ ഈ സമയപരിധിക്കുള്ളില്‍ സാധിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കൂടുതല്‍ സമയം കോടതയില്‍ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ നാലാം തിയതിയാണ് കോട്ടയം വിജിലന്‍സ് കോടതി മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല കോട്ടയം ഡിവൈഎസ്പിക്ക് കൈമാറിയത് നാല് ദിവസത്തിന് ശേഷവുമാണ്.
അന്വേഷണ സംഘത്തെ രൂപീകരിച്ച് നടപടികളിലേക്ക് കടന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. മന്ത്രിക്കെതിരായ അന്വേഷണമായതിനാല്‍ വിശദമായ പരിശോധനകള്‍ തന്നെ ആവശ്യമാണ്. ആയതിനാല്‍ ഒരുമാസ സമയപരിധി തികയില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല് സമയം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. നിലവില്‍ പ്രാഥമിക പരിശോധന വലിയകുളം സീറോ ജെട്ടി റോഡില്‍ എത്തി വിജിലന്‍സ് നടത്തിയിരുന്നു. ജില്ല കലക്ടറുടെ റിപ്പോര്‍ട്ടും ശേഖരിച്ചു.
എന്നാല്‍ തോമസ് ചാണ്ടിയുടേയും പരാതിക്കാരനായ അഡ്വക്കേറ്റ് സുഭാഷിന്റെയും ജില്ല കലക്ടറുടേയും അടക്കം ഇരുപത്തിയഞ്ചോളം പേരുടെ മൊഴികള്‍ ശേഖരിക്കണം. കൂടാതെ നിലം നികത്തിയിട്ടുണ്ടോ എന്നത് വ്യക്തമാക്കുന്ന രേഖകളും പരിശോധിക്കണം. ഇതിനെല്ലാം കൂടി കോടതി അനുവദിച്ച ഒരുമാസ സമയം തികയില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.