വയനാട്ടിലെ ജൈനക്ഷേത്രങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു
ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍.
വയനാട് നടവയലിലെ പുത്തങ്ങാടി ജൈനക്ഷേത്രങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. രണ്ട് ക്ഷേത്രങ്ങളെയും ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഇന്ത്യയുടെ ശ്രമം. വിഷ്ണുക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
വയനാട്ടിലെ ജൈന സംസ്കാരത്തിന്റെ ശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ്, കല്ലമ്പലങ്ങള്‍ എന്നു വിളിയ്ക്കുന്ന പുത്തങ്ങാടിയിലെ വിഷ്ണുക്ഷേത്രവും ജനാര്‍ദന ക്ഷേത്രവും. ഇതില്‍ വിഷ്ണുക്ഷേത്രം നേരത്തെ ദേശീയ സ്മാരകങ്ങളുടെ പട്ടികയിലേയ്ക്ക് ഉയര്‍ത്തിയതാണ്. റവന്യൂ വകുപ്പിന്റെ ചില നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ ഈ ക്ഷേത്രം പൂര്‍ണമായും ആര്‍ക്കിയോളജി വകുപ്പിന്റെ കൈവശമാകും. തുടര്‍ന്നായിരിയ്ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിയ്ക്കാനുള്ള ശ്രമങ്ങളാണ് ആര്‍ക്കിയോളജി വിഭാഗം നടത്തുന്നത്.
ജനാര്‍ദന ക്ഷേത്രമാണ് രണ്ടാമത്തേത്. കുറുവയിലേയ്ക്കുള്ള റോഡരികിലാണ് ഈ ക്ഷേത്രം. കാലപ്പഴക്കത്താല്‍ ഈ ക്ഷേത്രം നശിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നോട്ടിഫിക്കേഷന്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ആര്‍ക്കിയോളജി വകുപ്പ്. ഇതിനായി ഡയറക്‍ടറോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിയ്ക്കുന്ന മുറയ്ക്ക് ഈ ക്ഷേത്രവും ദേശീയസ്മാരകമായി ഉയരും. വയനാട്ടിലെ ജൈന സംസ്കാരത്തിന്റെ സ്മാരകങ്ങളായ കല്ലമ്പലങ്ങളുടെ സംരക്ഷണം ഏറെ കാലമായുള്ള ആവശ്യമാണ്.