സ്ഥാനാര്‍ഥികളെ ചൊല്ലി കാസര്‍കോട് ബിജെപിയില്‍ പ്രതിഷേധം പുകയുന്നു
ബിജെപി ജില്ലാ നേതൃത്വം നല്‍കിയ ലിസ്റ്റ് വെട്ടി നിരത്തി ആര്‍എസ്എസ് നേരിട്ട് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതാണ് നേതൃത്വത്തിനിടയില്‍ പ്രതിഷേധത്തിന് കാരണമായത്
കാസര്‍കോട് ജില്ലയില്‍ ബിജെപി സ്ഥാനാര്‍ഥി ലിസ്റ്റിനെതിരെയുള്ള പ്രതിഷേധം അടങ്ങുന്നില്ല. ബിജെപി ജില്ലാ നേതൃത്വം നല്‍കിയ ലിസ്റ്റ് വെട്ടി നിരത്തി ആര്‍എസ്എസ് നേരിട്ട് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതാണ് നേതൃത്വത്തിനിടയില്‍ പ്രതിഷേധത്തിന് കാരണമായത്. ജില്ല നല്‍കിയ ലിസ്റ്റ് പരിഗണിക്കാതെ കാസര്‍കോട് മണ്ഡലത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കുണ്ടാര്‍ രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയതിലും പ്രതിഷേധം ശക്തമാണ്.
കാസര്‍കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപി ജില്ലാ നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് ലിസ്റ്റ് നല്‍കിയിരുന്നു. ഈ ലിസ്റ്റ് പാടെ അട്ടിമറിച്ച് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതാണ് ജില്ലാ നേതൃത്വത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ ആര്‍എസ്എസ് നേരിട്ട് ഇടപെട്ടാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. കന്നഡ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ജില്ലയിലെ നേതാക്കളെ മഞ്ചേശ്വരത്ത് പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കെ സുരേന്ദ്രനെയാണ് പാര്‍ട്ടി മഞ്ചേശ്വരത്ത് നിശ്ചയിച്ചത്.
കാസര്‍കോട് മണ്ഡലത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയതിലും ജില്ലാ കമ്മറ്റിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ജില്ലാ കമ്മറ്റിയെ കാഴ്ചക്കാരാക്കി ആര്‍എസ്എസ് കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ബിജെപി ജില്ലാ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.