സ്വർണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ നാലം​ഗ സംഘം അറസ്റ്റിൽ

സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2025-03-28 14:22 GMT
Advertising

കൊച്ചി: തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ നാലം​ഗ സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചി ഭായ് (43), ധർമേഷ് ഭായ് (38) കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകക്കെടുത്ത് സ്വർണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണത്തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചുവച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിൾ എടുപ്പിച്ച ശേഷം പ്രതികൾ ഒരു മുറിയിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന ടേബിളിനു മുകളിൽ വച്ചിരുന്ന ത്രാസ്സിലേക്ക് സാമ്പിൾ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ഈ സമയം ടേബിളിനടിയിൽ മുൻകൂട്ടി നിശ്ചയിച്ച് ഒളിപ്പിച്ചിരുന്ന പ്രതികളിലൊരാൾ ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ ലായനി ഇൻഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. ആദ്യം വാങ്ങിയ സാമ്പിൾ മണ്ണിൽ നിന്നും പ്രൊസസിങ് ചെയ്ത് സ്വർണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നൽകി 5 ടൺ മണ്ണ് വാങ്ങുകയായിരുന്നു

സാമ്പിളായി എടുത്ത മണ്ണിൽ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു. സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എസിപി പി. രാജ് കുമാറിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തൂടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം സൂററ്റ് സ്വദേശികളായ പ്രതികളെ കൊച്ചി നഗരത്തിലെ ഒളിത്താവളങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് സേന്ദമംഗലം പൊലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ലഭിച്ച പരാതികളിൽ അന്വേഷണം നടന്നുവരികയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം എറണാകുളം എസിപി രാജ് കുമാറിന്റ മേൽ നോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ കെ.ആർ രൂപേഷ്, സബ് ഇൻസ്പെക്ടർമാരായ ഒ.എസ് ഹരിശങ്കർ, ജി. കലേശൻ , എഎസ്ഐമാരായ പി.വി സിഷോഷ്, ടി.എം ഷാനിവാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.പി ജോസി, എൻ‌. അനീഷ്, എ. ശ്രീക്കുട്ടൻ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News