വയനാട്ടില്‍ അനധികൃത ഹോംസ്റ്റേകള്‍
ടൂറിസം വകുപ്പിന്റെ ലൈസന്‍സ് ഉള്ളത് 24 എണ്ണത്തിന്; പ്രവര്‍ത്തിക്കുന്നത് മുന്നൂറിലധികം ഹോം സ്റ്റേകള്‍
വയനാട്ടില്‍ അനധികൃത ഹോംസ്റ്റേകള്‍ പെരുകുന്നു. ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്നാണ് ഗ്രാമ പ്രദേശങ്ങളിലുള്‍പ്പെടെ ഹോംസ്റ്റേകള്‍ വര്‍ധിച്ചത്. മിക്കവാറും ഹോംസ്റ്റേകള്‍ ടൂറിസം വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മീഡിയവണ്‍ അന്വേഷണം..
ഹോംസ്റ്റേകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം ടൂറിസം വകുപ്പിനാണ്. ടൂറിസം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹോംസ്റ്റേകള്‍ക്ക് ഡയമണ്ട്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ റേറ്റിങും നല്‍കും. വയനാട് ജില്ലയില്‍ ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ളത് 24 ഹോംസ്റ്റേകള്‍ക്ക് മാത്രമാണ്. എന്നാല്‍ മുന്നൂറിലധികം ഹോംസ്റ്റേകള്‍ പഞ്ചായത്തുകളുടെ ലൈസന്‍സോടെയോ അല്ലാതെയോ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ടൂറിസം വകുപ്പിന്റെ കര്‍ശനമായ നിയന്ത്രണങ്ങളും പഞ്ചായത്ത് ഈടാക്കുന്ന നികുതിയും ഇത്തരക്കാര്‍ക്ക് ബാധകമല്ല. കനത്ത വാടകയാണ് ഭൂരിഭാഗം ഹോംസ്റ്റേകളും സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത്. വാടകയില്‍ കുറവില്ലെങ്കിലും പരിമിതമായ സൌകര്യങ്ങള്‍ മാത്രമാണ് ഇവര്‍ നല്‍കുന്നതെന്നും ആരോപണമുണ്ട്. വയനാടന്‍ ജീവിതം ആസ്വദിക്കാം എന്ന ഉദ്ദേശത്തോടെ ഹോംസ്റ്റേകള്‍ തെരഞ്ഞെടുക്കുന്നവരാണ് പലപ്പോഴും കബളിപ്പിക്കപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകള്‍ക്ക് പരിഹാരമുണ്ടാവണമെങ്കില്‍ ഹോംസ്റ്റേകളുടെ നടത്തിപ്പിന് കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടാവേണ്ടതുണ്ട്.
അനധികൃത ഹോംസ്റ്റേകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപളളി
വയനാട്ടിലെ അനധികൃത ഹോംസ്റ്റേകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ മീഡിയവണിനോട് പ്രതികരിച്ചു. വിശദമായ പരിശോധനകള്‍ നടത്തുമെന്നും ഇതിനുളള ആലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.