ജെഡിയുവില്‍ ഭിന്നത; വീരേന്ദ്രകുമാര്‍ പിണറായിയെ കണ്ടു

Update: 2018-05-11 14:58 GMT
Editor : Sithara
ജെഡിയുവില്‍ ഭിന്നത; വീരേന്ദ്രകുമാര്‍ പിണറായിയെ കണ്ടു
Advertising

സംസ്ഥാന പാര്‍ട്ടിയായി നിലകൊള്ളണമെന്ന് വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും. ശരത് യാദവിനൊപ്പം ചേരണമെന്ന് മറുവിഭാഗം

ഭാവി നിലപാട് സംബന്ധിച്ച് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന ഘടകത്തില്‍ ഭിന്നത. ശരത് യാദവിനൊപ്പം നില്‍ക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന പാര്‍ട്ടിയായി നില നില്‍ക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടെ എം പി വീരേന്ദ്രകുമാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

Full View

നിതീഷ് കുമാര്‍ എന്‍ഡിഎ പാളയത്തില്‍ ചേക്കേറിയതിനെ തുടര്‍ന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട് തീരുമാനിക്കാന്‍ അഞ്ചംഗ ഉപസമിതിയെ കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗം നിശ്ചയിച്ചത്. സംസ്ഥാന പ്രസിഡന്‍റ് എം പി വീരേന്ദ്രകുമാറിനെ കൂടാതെ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, കെ പി മോഹനന്‍, എം വി ശ്രേയാംസ് കുമാര്‍, ഷെയ്ക്ക് പി ഹാരിസ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഇന്ന് രാവിലെ 9 മണിക്ക് എം പി വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ തുടങ്ങിയ ഉപസമിതി യോഗം ഉച്ചക്ക് ഒന്നര വരെ നീണ്ടു.

ശരത് യാദവിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന സോഷ്യലിസ്റ്റ് പുനരേകീകരണ നീക്കങ്ങളെ പിന്തുണക്കണമെന്ന് ഉപസമതിയിലെ മൂന്നംഗങ്ങള്‍ ആവശ്യപ്പെട്ടു. വര്‍ഗീസ് ജോര്‍ജ്, കെ പി മോഹനന്‍, ഷെയ്ക്ക് പി ഹാരിസ് എന്നിവരാണ് ശരത് യാദവ് അനുകൂല നിലപാട് സ്വീകരിച്ചത്. എംപി വീരേന്ദ്രകുമാറും എംവി ശ്രേയാംസ് കുമാറും സംസ്ഥാന പാര്‍ട്ടിയെന്ന നിലയില്‍ നില്‍ക്കണമെന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. ദേശീയ നിലപാടുകളുടെ പേരില്‍ ഇതിനോടകം നിരവധി തവണ സംസ്ഥാന ഘടകത്തിന് പരിക്കേറ്റതാണെന്നും ഇനിയും ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.

സോഷ്യലിസറ്റ് ഐക്യമെന്ന ഇപ്പോഴത്തെ നിലപാടില്‍ ശരത് യാദവ് ഉറച്ച് നില്‍ക്കുന്നമെന്ന് എന്തുറപ്പാണുള്ളതെന്ന് വീരേന്ദ്രകുമാര്‍ ചോദിച്ചു. അടുത്ത മാസം ഡല്‍ഹിയില്‍ ശരത് യാദവ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്ത് നിന്നുള്ള പ്രാതിനിധ്യം സംബന്ധിച്ച ചര്‍ച്ച തുടങ്ങിയെങ്കിലും വീരേന്ദ്രകുമാറില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകാത്തതിനാല്‍‌ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടര്‍ന്നില്ല.

ഉപസമിതി യോഗത്തിന് ശേഷമാണ് വീരേന്ദ്രകുമാര്‍ ഗസ്റ്റ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായോയെന്ന വിവരം ലഭ്യമായിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News