ദേവസ്വം നിയമനത്തില്‍ വന്‍ തട്ടിപ്പ്; അഞ്ചു പേരില്‍ നിന്നു തട്ടിയത് 25 ലക്ഷം രൂപ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലറിക്കല്‍ പോസ്റ്റിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.
ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ വന്‍ തട്ടിപ്പ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലറിക്കല്‍ പോസ്റ്റിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. അഞ്ച് പേരില്‍ നിന്നായി തട്ടിയെടുത്തത് 25 ലക്ഷം രൂപയാണെന്നാണ് ആരോപണം. തട്ടിപ്പിനിരായവരുടെ അഭിമുഖം നടന്നത് ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വെച്ചാണ്. തട്ടിപ്പ് നടത്തിയ റാന്നി സ്വദേശി അജി, തിരുവനന്തപുരം പേയാട് സ്വദേശി ബാബു എന്നിവരെ പൊലീസ് പിടികൂടി. തട്ടിപ്പിന് ഇരയായ അംബരീഷ് നല്‍കിയ പരാതിയിലാണ് നടപടി.
പത്തനംതിട്ട റാന്നി സ്വദേശി അജി, തിരുവനന്തപുരം പേയാട് സ്വദേശി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിയമനതട്ടിപ്പ് നടന്നത്. ഇവരെ കൂടാതെ മറ്റ് മൂന്ന് പ്രതികളെ കൂടി പൊലീസ് തെരയുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ അംബരീഷ്, അജീഷ്, അരുണ്‍, ഷാജി, ഫിറോസ് എന്നിവരാണ് തട്ടിപ്പിനിരയായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലറിക്കല്‍ തസ്തികയിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിയമനത്തിന് മുന്നോടിയായി തിരുവനന്തപുരം നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വെച്ച് ഇവരുടെ ഇന്റര്‍വ്യൂവും നടന്നു. ബോര്‍ഡിലെ ജീവനക്കാര്‍ തട്ടിപ്പിന് ഒത്താശ ചെയ്തതായാണ് ഇരകളുടെ ആരോപണം. 2015 മെയ് 11ന് നിയമനം നേടാനാവശ്യപ്പെട്ട് നിയമന ഉത്തരവും ഇവര്‍ നല്‍കി. നിയമനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. സംഭവം അന്വേഷിക്കണമെന്ന് കാണിച്ച് തട്ടിപ്പിനിരയായവരില്‍ ഒരാളായ അംബരീഷ് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കി. കോടതി നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് കഴക്കൂട്ടം സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളില്‍ രണ്ട് പേരെ പിടികൂടിയത്.