വയനാട്ടിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും മലിനമെന്ന് റിപ്പോര്‍ട്ട്
ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയത്
വയനാട് ജില്ലയിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും മലിനമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയത്. ജലജന്യരോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലായിരുന്നു പഠനം.
വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്നതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് കുടിവെള്ളം പരിശോധിച്ചത്. കോളനികള്‍, സ്കൂളുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം. നൂറ് മില്ലിലിറ്റര്‍ വെള്ളത്തിലെ കോളിഫോം ബാക്റ്റീരിയകളുടെ എണ്ണം പലയിടത്തും രണ്ടായിരത്തിലധികമാണ്. ഇക്കോളി ബാക്ടീരിയയുടെ സാന്നിധ്യവും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കോളറ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ് ബാക്ടീരിയയുടെ സാന്നിധ്യം. കുടിവെള്ളം ശുദ്ധീകരിക്കുന്നത് മാത്രമാണ് ജലജന്യരോഗങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള വഴി. സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി, വളക്കുഴി എന്നിവ കുടിവെള്ള സ്രോതസ്സില്‍ നിന്ന് 15 മീറ്ററെങ്കിലും ദൂരെയാണ് നിര്‍മിക്കേണ്ടത്. സ്ഥലപരിമിതികാരണം രണ്ടോ മൂന്നോ മീറ്റര്‍പോലും അകലമില്ലാതെയാണ് ഇപ്പോള്‍ നിര്‍മാണം. ഈ ദൂരപരിധിയിലല്ലാത്ത കിണറുകളിലാണ് കോളിഫോം ബാക്ടീരിയ പെരുകുന്നത്. ഭൂഗര്‍ഭജലം ക്രമാതീതമായി താഴുന്നതും ഇക്കോളി-കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യത്തിന് കാരണമാവുന്നുണ്ട്.