ത്രികോണ മല്‍സരത്തിനൊരുങ്ങി പാലക്കാട്

Update: 2018-05-13 08:23 GMT
Editor : admin
Advertising

സിപിഎം മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസിനെ കളത്തിലിറക്കാന്‍ സാധ്യത. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം

Full View

ഇത്തവണ ത്രികോണ മല്‍സരത്തിനാണ് പാലക്കാട് നിയമസഭാ സീറ്റില്‍ അരങ്ങൊരുങ്ങുന്നത്. യുഡിഎഫിനായി പ്രാദേശിക ഭരണ നേട്ടമുയര്‍ത്തി ഷാഫി പറമ്പില്‍ രണ്ടാം വട്ടവും ജനവിധി തേടുമ്പോള്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെയായിരിക്കും സിപിഎമ്മും ബിജെപിയും രംഗത്തിറക്കുക. കോങ്ങാട് എല്‍ഡിഎഫ് നിലനിര്‍ത്താനൊരുങ്ങുമ്പോള്‍ ചിറ്റൂരില്‍ തദ്ദേശ, ലോകസഭാ തെര‍ഞ്ഞെടുപ്പില്‍ നേടിയ മുന്‍തൂക്കത്തിന്റെ ബലത്തിലാണ് ഇടതു മുന്നണി.

പാലക്കാട് നിയമസഭാ സീറ്റില്‍ 2011 ല്‍ യുഡിഎഫിന്റെ ഷാഫി പറമ്പില്‍ 7403 വോട്ടിനാണ് സിപിഎമ്മിന്‍റെ കെകെ ദിവാകരനെ തോല്‍പ്പിച്ചത്. ലോകസഭാ തെര‍ഞ്ഞെടുപ്പില്‍ 8169 വോട്ടിന്‍റെ മുന്‍തൂക്കം എല്‍ഡിഎഫിനുണ്ട്. നഗരസഭയില്‍ ബിജപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പത്തി ആറായിരം വോട്ട് ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ നേടിയപ്പോള്‍ അതില്‍ ഇരുപത്തി ആറായിരം വോട്ടും പാലക്കാട് നിയമസഭാ സീറ്റില്‍ നിന്നായിരുന്നു. ബിജെപിക്കു വേണ്ടി ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ട്.

സിപിഎമ്മിനായി മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. കോങ്ങാട് നിയമസഭാ സീറ്റില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു 2011 ല്‍ എല്‍ഡിഎഫ് ജയം. സിപിഎമ്മിന്‍റെ കെവി വിജയദാസ് 3565 വോട്ടിനാണ് പി സ്വാമിനാഥനെ തോല്‍പ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കോങ്ങാട് നിയമസഭാ സീറ്റില്‍ എല്‍ഡിഎഫ് 14361 വോട്ടിന് മുന്നിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏഴ് പഞ്ചായത്തില്‍ ആറും എല്‍ഡിഫിനൊപ്പം നിന്നു. ചിറ്റൂരില്‍ യുഡിഎഫിന്‍രെ കെ അച്യുതന്‍ 12330 വോട്ടിനാണ് സിപിഎമ്മിന്‍റെ സുഭാഷ് ചന്ദ്രബോസിനെ തോല്‍പ്പിച്ചത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ ഉള്‍പ്പെട്ട ചിറ്റൂരില്‍ എല്‍ഡിഎഫ് 6497 വോട്ടിന്‍ മുന്നിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു നേട്ടം. യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയരുന്ന ചിറ്റൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇത്തവണ പതിനെട്ട് വാര്‍ട്ടുകള്‍ എല്‍ഡിഎഫ് പിടിച്ചത് ശ്രദ്ധേയമായി. ഏഴ് പഞ്ചായത്തില്‍ അഞ്ചും എല്‍ഡിഎഫിനൊപ്പമായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News