ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കി
60 ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. 60 ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ് കോടതി മറ്റെന്നാള്‍ വാദം കേള്‍ക്കും.
റിമാന്‍ഡിലായി 64ാം ദിവസമാണ് ദീലീപ് ജാമ്യം തേടി വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. ആദ്യ തവണ മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് രണ്ട് തവണ ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 376 ഡി വകുപ്പ് അനുസരിച്ചുള്ള കൂട്ട ബലാല്‍സംഗ കുറ്റത്ഥ ദിലീപിനെതിരെ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടി കാട്ടിയാണ് ജാമ്യാപേക്ഷ. നടിക്കെതിരായ കുറ്റകൃത്യത്തില്‍ ദിലീപ് നേരിട്ട് പങ്കെടുത്തിട്ടില്ല. ഇതിന്റെ ഗൂഡാലോചനക്കുറ്റമാണ് ചുമത്തിയത്. ക്രിമിനല്‍ നടപടിക്രമത്തിലെ 167 (2) എ (2) വകുപ്പിന്റെ സാധ്യത അനുസരിച്ചാണ് ജാമ്യാപേക്ഷ നല്‍കിയത്.
പത്ത് വര്‍ഷത്തിന് മുകളിലും വധശിക്ഷയില്‍ താഴെവരെയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 60 ദിവസം പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. രാകേഷ് കുമാര്‍ പോള്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ആസാം കേസില്‍ ഓഗസ്റ്റ് 16ലെ വിധിയില്‍ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കുന്നു. സുപ്രിംകോടതി വ്യക്തത വരുത്തിയ ഏറ്റവും പുതിയ വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.