റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി
ഇതിന് പിന്നിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി അബ്ദുൾ സത്താറെന്ന് പോലീസിന്റെ സ്ഥിരീകരണം. അബ്ദുൾ സത്താറിനെയും, മുഖ്യപ്രതി സാലിഹ് എന്ന അലിഭായിയെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കേസിൽ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
രാജേഷിന്റെ കൊലപാതകത്തിൽ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞെങ്കിലും ക്വട്ടേഷൻ നൽകിയത് ആരെന്ന കാര്യത്തിൽ പോലീസ് ഇതാദ്യമായാണ് സ്ഥിരീകരണം നൽകുന്നത്. രാജേഷിന് പരിചയമുണ്ടായിരുന്ന പ്രവാസി സ്ത്രീയുടെ ഭർത്താവ് അബ്ദുൾ സത്താറാണിതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വട്ടേഷൻ സംഘത്തിലെ പ്രധാനി സാലിഹ് ബിൻജലാൽ എന്ന അലിഭായിയെ കൊല്ലം സ്വദേശി കൂടിയായ സത്താർ ക്വട്ടേഷൻ ഏൽപിക്കുകയായിരുന്നുവെന്നാണ്സൂചന. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാട്സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. രാജേഷുമായുള്ള സ്ത്രീയുടെ ബന്ധം തന്നെയാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് സൂചനയുണ്ടെങ്കിലും ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതുവരെ ഇരുപതിലധികം പേരെ ചോദ്യംചെയ്തെങ്കിലും ആരുടെയും അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. അബ്ദുൾ സത്താർ, അലിഭായ് എന്നിവർ രക്ഷപെട്ട് ഖത്തറിലെത്തിയെന്ന വിവരമുള്ളതിനാൽ ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. ഇവരെ കൂടാതെ അപ്പുണ്ണി, സ്ഫടികം എന്നീ മറ്റ് പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. മാർച്ച് 26നായിരുന്നു മുൻ ആർ ജെ രാജേഷിനെ മടവൂരിൽ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുന്നത്.