ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
കേസുമായി ബന്ധമില്ലാത്തവരെ പുറത്തിറക്കി രഹസ്യമായാണ് വാദം നടക്കുന്നത്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് വിധി പറയാന്‍ മാറ്റിയത്. രഹസ്യ സ്വഭാവത്തിൽ ഒന്നര മണിക്കൂർ നേരമാണ് വാദം നടന്നത്. 60 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ദിലീപിന് വേണ്ടി അഡ്വ.രാമൻപിള്ളയാണ് ഹാജരായത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേഷനാണ് പ്രതിഭാഗത്തിന്റെ വാദങ്ങളെ എതിർത്തത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അടച്ചിട്ട കോടതി മുറിയിൽ ഇരു ഭാഗങ്ങളും തമ്മിൽ ശക്തമായ വാദമാണുണ്ടായത്. വാദം പൂർത്തിയായ ശേഷം മജിസ്ട്രേട്ട് വിധി പറയുന്നത് തികളാഴ്ചത്തേക്ക് മാറ്റിയത്.ദിലീപിന്റെ റിമാന്റ് കാലാവധി 28വരെയാണ് നീട്ടിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിന് ശേഷം നാലാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പിക്കുന്നത്. ഇതിൽ രണ്ടാമതാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.