ദിലീപ് ഒന്നാം പ്രതി?
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതും ഗൂഢാലോചനയും ഒരു കുറ്റമായി പരിഗണിക്കും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. കൃത്യം നടത്തുന്നതും ഗൂഢാലോചന നടത്തുന്നതും ഒരു കുറ്റമാണെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം. അടുത്ത ആഴ്ച്ച കുറ്റപത്രം നല്‍കുമെന്നാണ് സൂചന.
കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തില്‍ ധാരണ ആയതായാണ് സൂചന. ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കുന്നതിന് അന്വേഷണ സംഘം നാളെ യോഗം ചേരും. നിലവില്‍ കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് 11ആം പ്രതിയുമാണ്. പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്പോള്‍ പ്രതികളുടെ പട്ടികയില്‍ സ്ഥാനമാറ്റമുണ്ടാകുമെന്നാണ് എറണാകുളം റൂറല്‍ എസ് പി മീഡിയവണിനോട് പറഞ്ഞു. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞതായാണ് സൂചന. കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വെക്കല്‍, ഗൂഢാലോചന, തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും.
നേരത്തെ പള്‍സര്‍ സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണിത്. ഗൂഢാലോചനയും കൃത്യം നിര്‍വഹിക്കുന്നതും ഒരേ കുറ്റമായിക്കണ്ടാണ് ദിലീപിനെതിരെയും ഈ വകുപ്പുകള്‍ ചുമത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. അതേ സമയം നടക്കെതിരായ ആക്രമണം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷവും ഫോണിനായുള്ള അന്വേഷണം തുടരാമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. കുറ്റപത്രം അടുത്ത ആഴ്ച്ച സമര്‍പ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.