സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം കൂടിയെന്ന് ഡിപിഐ
മോഡറേഷന്‍ നല്‍കാതെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ടും 96.59 ശതമാനം പേര്‍ വിജയിച്ചത് ഇതിന്റെ തെളിവാണെന്ന് ഡിപിഐ മീഡിയവണിനോട്
സംസ്ഥാനത്ത് വിദ്യാഭ്യാസം നിലവാരം കൂടിയതായി ഡിപിഐ അവകാശപ്പെട്ടു. മോഡറേഷന്‍ നല്‍കാതെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ടും 96.59 ശതമാനം പേര്‍ വിജയിച്ചത് ഇതിന്റെ തെളിവാണെന്ന് ഡിപിഐ മീഡിയവണിനോട് പറഞ്ഞു. എ പ്ലസ്, എ ഗ്രേഡുകള്‍ നേടിയവരുടെ എണ്ണം ഇത്തവണ കൂടി. ഭാഷ വിഷയങ്ങളില്‍ വിജയിച്ചവരുടെ സംസ്ഥാന ശരാശരി 98 ശതമാനമാണ്.
മോഡഷേന്‍ നല്‍കേണ്ട ആവശ്യമില്ലെന്നാണ് മോഡറേഷന്‍ ബോര്‍ഡ് ഇത്തവണ വിലയിരുത്തിയത്. മൂല്യ നിര്‍ണയം ഉദാരമായിരുന്നില്ല. എന്നിട്ടും രണ്ട് ശതമാനത്തില്‍ കുറവ് വിജയശതമാനമാണ് ഇത്തവണ സംസ്ഥാനത്തുണ്ടായത്. വിദ്യാഭ്യാസ നിലവാരം സംസ്ഥാനത്ത് കൂടിയതിന്റെ തെളിവാണിതെന്ന് ഡിപിഐ മീഡിയവണിനോട് പറഞ്ഞു.
എല്ലാ വിഷയത്തിലും എ പ്ലസും എ ഗ്രേഡും നേടിയ വിദ്യാര്‍ഥികളുടെ എണ്ണം ഇത്തവണ കഴിഞ്ഞ മൂന്ന് വര്‍ഷത്തേതിനേക്കാൾ കൂടുതലാണ്. ഡി ഗ്രേഡ് ഒഴികെയുള്ള എല്ലാ ഗ്രേഡുകളിലും ഈ വളര്‍ച്ച ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 3644 എസ് സി വിദ്യാര്‍ഥികളും 1497 എസ് ടി വിദ്യാര്‍ഥികളും 10470 ഒബിസി വിദ്യാര്‍ഥികളും സംസ്ഥാനത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ഓരോ വിഷയത്തിലെയും വിജയ ശതമാനം പരിഗണിക്കുമ്പോള്‍ ഭാഷാ വിഷയങ്ങളില്‍ സംസ്ഥാന ശരാശരി 98 ശതമാനമാണ് രേഖപ്പെടുത്തിയത്. മറ്റ് വിഷയങ്ങളിലിത് 95 ശതമാനമാണ്.