അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി

Update: 2018-05-16 14:38 GMT
Editor : Subin
അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി
Advertising

അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാന്‍ ദിലീപിന് അനുമതി

നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിന് അച്ഛന്‍റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി. ബുധനാഴ്ച നടക്കുന്ന ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയത്. ദിലീപിനെ ജയിലിന് പുറത്ത് പോകാൻ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ തടസവാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.

Full View

ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ 11.45 വരെയാണ് ശ്രാദ്ധ ചടങ്ങ്. ആലുവയിലെ വീട്ടിലും ആലുവ മണപ്പുറത്തും ആയി നടക്കുന്ന ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ. 2008ല്‍ അച്ഛൻ മരിച്ച ശേഷം എല്ലാ വർഷവും ഇതേ ദിവസം എവിടെ ആയിരുന്നാലും മൂത്ത മകനായ താൻ ബലിതർപ്പണം നടത്താറുണ്ട്. ഇത്തവണ ജയിലിൽ ആയതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.

ദിലീപിന്റെ പ്രത്യേക അനുമതി അപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വീട്ടിൽ എത്താൻ ദിലീപിനെ അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം ദിലീപ് ബലിതർപ്പണം നടത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേദിവസം ദിലീപ് തൃശൂരിലെ നെടുപുഴ എന്ന സ്ഥലത്ത് ആയിരുന്നു. ശ്രാദ്ധ ചടങ്ങിൽ മൂത്ത മകൻ തന്നെ പങ്കെടുക്കണം എന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടപ്പോൾ ദിലീപ് ഇത്തരം ഒരാവശ്യം ഉന്നയിച്ചില്ലെന്നും കോടതി ഓണാവധിക്ക് പിരിയുന്ന ദിവസം അപേക്ഷ നൽകാനായി തിരഞ്ഞെടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാനിടയുണ്ടെന്നും ഇത് കേസിനെ ബാധിക്കുമെനന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ദിലീപ് അതിന് മുതിരില്ലന്ന് പ്രതിഭാഗം അറിയിച്ചു. വാദങ്ങളും തടസവാദങ്ങളും എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രത്യേക അപേക്ഷയിന്മേല്‍ വിധി പറഞ്ഞത്. അതേസമയം ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ കോടതി നീട്ടി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News