പെരുമാറ്റച്ചട്ടം പേടിച്ച് ശിലാസ്ഥാപനം നേരത്തെയാക്കി അമളി പിണഞ്ഞ് എല്‍ഡിഎഫ്
രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം നടക്കുമെന്ന വാര്‍ത്ത പരന്നതോടെ ധൃതിപിടിച്ച് 11 മണിക്ക് മുന്‍പു തന്നെ ശിലാസ്ഥാപനം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്ന ആശങ്കയില്‍ ശിലാസ്ഥാപനം നേരത്തെയാക്കി അമളി പറ്റി എല്‍ഡിഎഫ്. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനമാണ് നേരത്തെയാക്കിയത്. മന്ത്രി നടത്തേണ്ടിയിരുന്ന ശിലാസ്ഥാപനം ദേവസ്വം കമ്മീഷണറെക്കൊണ്ടാണ് നേരത്തെ നടത്തിയത്.
10 കോടി രൂപ മുതല്‍ മുടക്കില്‍ ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം വൈകിട്ട് 6 മണിയോടെ ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്നായിരുന്നത്. എന്നാല്‍ രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം നടക്കുമെന്ന വാര്‍ത്ത പരന്നതോടെ ധൃതിപിടിച്ച് 11 മണിക്ക് മുന്‍പു തന്നെ ശിലാസ്ഥാപനം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ മന്ത്രിക്ക് ശിലാസ്ഥാപനം നിര്‍വ്വഹിക്കാനാവില്ലെന്ന് ഭയന്നായിരുന്നു ഇത്.
തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറാണ് മന്ത്രിക്ക് പകരം ശിലാസ്ഥാപനം നടത്തിയത്. ചടങ്ങില്‍ അധ്യക്ഷനായിട്ടായിരുന്നു എ.പദ്മകുമാറിനെ ആദ്യം തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നതോടെ സംഘാടകര്‍ അമളി പറ്റിയ അവസ്ഥയിലായി. സ്ഥാപിച്ച ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് മന്ത്രിയാണെന്നാണ്.