തോമസ് കെ. തോമസിനെതിരെ സംസാരിച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയെ തിരുത്തി മുഖ്യമന്ത്രി

ഘടകകക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദയല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒരുപോലെ കാണണമെന്നും മുഖ്യമന്ത്രി

Update: 2025-01-12 01:22 GMT
Advertising

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അസാധാരണ ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ദിവസം വിഭാഗീയതയിൽ താക്കീത് സ്വരത്തിൽ സംസാരിച്ച മുഖ്യമന്ത്രി കുട്ടനാട് എംഎൽഎക്ക് എതിരെ സംസാരിച്ച ജില്ല സെക്രട്ടറിയെ തിരുത്തി തോമസ് കെ തോമസിന് അനുകൂലമായി സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറിയായി ആർ നാസർ തന്നെ തുടരാനാണ് സാധ്യത.

തോമസ് കെ തോമസിനെതിരെ കുട്ടനാട്ടിലെ പ്രാദേശിക വികാരമാണ് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചത്. എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളെ അക്കമിട്ട് നിരത്തിയ പ്രതിനിധികളെ മറുപടി പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പിന്തുണച്ചു. സിപിഎം പ്രവർത്തകർ വിയർപ്പൊഴുക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യത്തെയും ജില്ലാ സെക്രട്ടറി അനുകൂലിച്ചു. ഉടൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായി.

ഘടകകക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദയല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒരുപോലെ കാണണമെന്നും പറഞ്ഞായിരുന്നു ജില്ലാ സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്തിയത്. ഈ സമ്മേളന കാലയളവിൽ മുഖ്യമന്ത്രിയുടെ ഇത്തരത്തിലെ ഇടപെടൽ ആദ്യമാണ്. സമാപന ദിവസമായ ഇന്നാണ് സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസംഗം. പുതിയ ജില്ല കമ്മിറ്റിയെയും ജില്ല സെക്രട്ടറിയെയും തെരഞ്ഞെടുക്കും. കഴിഞ്ഞ രണ്ട് തവണയായി തുടരുന്ന ആർ. നാസർ മാറാനുള്ള സാധ്യത കുറവാണ്. ഈഴവ പ്രാധിനിധ്യം തുടരാൻ തീരുമാനിച്ചാൽ ഹരിപ്പാട് നിന്ന് ടി.കെ ദേവകുമാറിന്റെ പേരുയരും. സമവാക്യം വേണ്ടെന്ന് വച്ചാൽ മനു സി പുളിക്കലിന്റെ പേര് വരും.

ജില്ല കമ്മിറ്റിയിലേക്ക് കൂടുതൽ യുവാക്കൾ വരണമെന്ന ആവശ്യം ശക്തമാണ്. കായംകുളം ഏരിയ സെക്രട്ടറി അബിൻഷായുടെ പേരിനു മുൻ‌തൂക്കം കൂടുതലാണ്. ആലപ്പുഴ ഏരിയയിൽ നിന്ന് അജയ് ശുചീന്ദ്രൻ, ചേർത്തലയിൽ നിന്ന് വിനോദ്, മാരാരിക്കുളത്ത് നിന്ന് രഘുനാഥ്, വനിതകളുടെ പേരുകളിൽ യു. പ്രതിഭയുടെ പേര് വന്നേക്കും. ആലപ്പുഴ നഗരസഭ മുൻ അധ്യക്ഷ സൗമ്യരാജ്, ചേർത്തലയിൽ നിന്ന് പ്രഭ മധുവും ഇടം പിടിച്ചേക്കും. നിലവിലെ കമ്മിറ്റിയിൽ നിന്ന് എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ, എൻ. ശിവദാസൻ എന്നിവർ ഒഴിവാക്കപ്പെട്ടേക്കും.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News