തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടും
എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ചാണ് സമരം.
കൊച്ചി: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി തർക്കം നിലനിന്നിരുന്നു. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരിൽ 300 രൂപ ഡീലർമാർ നൽകിവരുന്നുണ്ട്. ഇത് വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിനിടെ ടാങ്കർ ഡ്രൈവർമാർ ഡീലേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.