കേക്ക് വിവാദം: സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
നിലവിളക്ക് കൊളുത്തുന്നതടക്കം മറ്റു മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗമാകുന്നതിനെതിരെ ഹൈദരലി ശിഹാബ് തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ഹമീദ് ഫൈസി പറഞ്ഞു.
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തതിനെതിരെ എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് കഴിച്ചതിലാണ് വിമർശനം. മറ്റു മതസ്ഥരുടെ ആചാരത്തിന്റെ ഭാഗമാകുന്നത് നിഷിദ്ധമാണെന്ന് ഹമീദ് ഫൈസി പറഞ്ഞു. പണ്ഡിതന്മാരും ലീഗ് നേതാക്കളും ഇത്തരം കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സാഹചര്യത്തിനൊത്ത് അത് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''മറ്റുള്ളവരുടെ മതപരമായ ആചാരങ്ങളും ആഘോഷങ്ങളും വിശ്വസമില്ലാതെയാണെങ്കിൽ ചെയ്യാമെന്നാണ് ചിലർ പറയുന്നത്. വിശ്വാസത്തോടെ ചെയ്താൽ ഇസ്‌ലാമിൽനിന്ന് പുറത്തുപോകും. വിശ്വാസമില്ലാതെ അത്തരം ആചാരങ്ങളുടെ ഭാഗമാകുന്നതാണ് വിലക്കപ്പെട്ടതാണെന്ന് ഇസ്‌ലാമിക കർമ ശാസ്ത്രം പറയുന്നത്. 2015ൽ മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താത്തത് വിവാദമായപ്പോൾ ഹൈദരലി ശിഹാബ് തങ്ങൾ ലീഗ് നിലപാട് വ്യക്തമായി പറഞ്ഞതാണ്. പണ്ഡിതന്മാരും പല നേതാക്കന്മാരും മറ്റു മതസ്ഥരുടെ ആചാരങ്ങളുടെ ഭാഗമാകരുതെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. വിശ്വാസമില്ലാതെ ചെയ്താൽ തെറ്റില്ലെങ്കിൽ എന്തിനാണ് അവർ വിലക്കിയത്? ഈ പണ്ഡിതന്മാർക്കും മറ്റും വിവരം ഇല്ലാഞ്ഞിട്ടാണോ? അമുസ്‌ലിംകളുമായി എല്ലാ വിധ സ്‌നേഹവും സൗഹൃദവും ആകാം. എന്നാൽ മതപരമായ ആചാരങ്ങളിൽ അവരെ പിന്തുടരാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് നമ്മുടെ പൂർവികർ സമൂഹത്തെ പഠിപ്പിക്കുമ്പോൾ, അത്തരം പ്രവൃത്തികളെ അനുകൂലിക്കുന്ന രീതി അംഗീകരിക്കാനാവില്ല. അവിടെ നമ്മൾ നിലപാട് സ്വീകരിക്കണം. അതാണ് ആദർശം. അവിടെ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ല''-ഹമീദ് ഫൈസി പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഇതാണ് വിമർശനത്തിന് കാരണമായത്. സമസ്തയിലെ ലീഗ്‌വിരുദ്ധ ചേരിയുടെ നേതാവാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.