കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ രാജിവെച്ചു
തീരുമാനം കോണ്‍ഗ്രസ് വിമതനുമായി ചേര്‍ന്ന് എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ രാജിവെച്ചു. കോര്‍പറേഷന്‍ സെക്രട്ടറിക്ക് മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷുമായി ചേര്‍ന്ന് ഇന്ന് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ഡെപ്യൂട്ടി മേയറുടെ രാജി.
ഇരുമുന്നണികള്‍ക്കും തുല്യസീറ്റ് വീതം ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു എല്‍.ഡി.എഫ് മേയര്‍ സ്ഥാനം നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും രാഗേഷ് വിട്ടു നിന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ലീഗിലെ സി. സമീര്‍ ഡപ്യൂട്ടി മേയറാവുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഗേഷിന്റെ പിന്തുണയോടെ ഡപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. ഒപ്പം ഡപ്യൂട്ടി മേയര്‍ സ്ഥാനം രാഗേഷിന് നല്‍കാനും എല്‍.ഡി.എഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.സമീര്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിലെ ചില നേതാക്കളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാഗേഷിനെ ഇടത് പാളയത്തിലെത്തിച്ചതെന്ന് ലീഗ് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. രാഗേഷിന്റെ പിന്തുണയോടെ കോണ്‍ഗ്രസിന് ലഭിച്ച സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങള്‍ രാജിവെക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.