ദിലീപിനെ കുടുക്കിയ 12 സെക്കന്റ് ഫോണ്‍ കോള്‍
നടി ആക്രമിക്കപ്പെട്ടത് എപ്പോഴാണ് അറിഞ്ഞതെന്ന ചോദ്യത്തിന് ദിലീപ് നല്കി മൊഴിയില്‍ തന്നെ അന്വേഷണ സംഘം വൈരുദ്ധ്യം കണ്ടെത്തുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ടകേസില്‍ ദിലീപിനെ കുടുക്കിയ മൊഴിയിലെ പ്രധാന വൈരുദ്ധ്യങ്ങളിലൊന്ന് 12 സെക്കന്റ് മാത്രം നീണ്ട ഒരു ഫോണ്‍ കോളായിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണസംഘത്തിന്റെ സംശയത്തിന്റെ മുന ദിലീപിലേക്ക് എത്തിച്ചതില്‍ പ്രധാനപ്പെട്ട ഒന്ന്. നടി ആക്രമിക്കപ്പെട്ടത് എപ്പോഴാണ് അറിഞ്ഞതെന്ന ചോദ്യത്തിന് ദിലീപ് നല്കി മൊഴിയില്‍ തന്നെ അന്വേഷണ സംഘം വൈരുദ്ധ്യം കണ്ടെത്തുകയായിരുന്നു.
നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ചപ്പോളാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നാണ് പൊലീസിന് ദിലീപ് നല്കിയ മൊഴി. സംഭവം നടന്ന അന്ന് രാത്രി 11.30ന് വിവരം അറിയിക്കാന്‍ ദിലീപിനെ പല തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്ന് ആന്റോ ജോസഫ് മൊഴി നല്കി. പിറ്റേന്ന് രാവിലെ 09.30നാണ് ദിലീപിനെ വിളിച്ച് കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പറഞ്ഞപ്പോള്‍ ദിലീപ് കൂടുതലൊന്നും പറയാതെ കട്ട്ചെയ്യുകയായിരുന്നു. വെറും 12 സെക്കന്റ് മാത്രം ഈ ഫോണ്‍ കോള്‍ നീണ്ടതാണ് പൊലീസിനെ സംശയിപ്പിച്ചത്.
നടി ആക്രമിക്കപ്പെട്ടതുപോലുള്ള ഞെട്ടിപ്പിക്കുന്ന സംഭവം ആദ്യമായി അറിഞ്ഞത് അപ്പോഴാണെങ്കില്‍ എന്തുകൊണ്ട് 12 സെക്കന്റ് മാത്രം ഫോണ്‍ വിളി നീണ്ടുവെന്നത് അന്വേഷണസംഘത്തെ ദിലീപിലേക്ക് കൂടുതലെത്തിച്ച ഘടകമായി. അങ്ങനെയെങ്കില്‍ നടന്ന സംഭവത്തെക്കുറിച്ച് ദിലീപിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന സംശയത്തിലേക്കാണ് അന്വേഷണസംഘം എത്തിയത്. ഇതിന് കാരണമായതും 12 സെക്കന്റില്‍ അവസാനിച്ച ആ ഫോണ്‍ വിളിയും.