തോമസ് ചാണ്ടിക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി സമരത്തിനില്ല
ആരോപണം നേരിടുന്ന തോമസ് ചാണ്ടിയുടെ സ്ഥാപനങ്ങളെല്ലാം ആലപ്പുഴയിലായതിനാല്‍ ജില്ലാ കമ്മിറ്റി അവിടെ സമരം നടത്തിയാല്‍ മതിയെന്നാണ് യുഡിഎഫ് യോഗത്തിന്റെ തീരുമാനം
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് സമര പരിപാടികളൊന്നും നടത്തില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റി സമരം നടത്തട്ടേയെന്ന തീരുമാനമാണ് യുഡിഎഫ് യോഗത്തിലുണ്ടായത്. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയത് തോമസ് ചാണ്ടിയെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ആരോപണം നേരിടുന്ന തോമസ് ചാണ്ടിയുടെ സ്ഥാപനങ്ങളെല്ലാം ആലപ്പുഴയിലായതിനാല്‍ ജില്ലാ കമ്മിറ്റി അവിടെ സമരം നടത്തിയാല്‍ മതിയെന്നാണ് യുഡിഎഫ് യോഗത്തിന്റെ തീരുമാനം. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടിയത് മന്ത്രിയെ രക്ഷിക്കാനാണ്. പിണറായി സര്‍ക്കാരില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് യാതൊരു വിലയുമില്ലെന്നും യോഗം നിരീക്ഷിച്ചു.
സോളാര്‍ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ യോഗം തീരുമാനിച്ചു. രമേശ് ചെന്നിത്തല നടത്തുന്ന കേരളയാത്രയിലെ അംഗങ്ങളേയും തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് വി ഡി സതീശനും ബെന്നി ബെഹ്നാനും ഷാനിമോള്‍ ഉസ്മാനും അംഗങ്ങളാകും. എം കെ മുനീറും വി കെ ഇബ്രാഹിം കുഞ്ഞുമാണ് മുസ്‍ലിം ലീഗിന്റെ പ്രതിനിധികള്‍. മറ്റ് ഘടകക്ഷികള്‍ക്ക് ഓരോ പ്രതിനിധികള്‍ വീതം ഉണ്ടാകും.