മുഖ്യമന്ത്രി പറഞ്ഞാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്ന് എന്‍സിപി
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്ന് എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനുണ്ടാവില്ലെന്ന് എൻസിപി നേതൃത്വം. യോഗ തീരുമാനം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. എന്നാൽ നിർവാഹക സമിതിയുടെ പൊതുവികാരം മന്ത്രി രാജി വെക്കണമെന്നതായിരുന്നുവെങ്കിലും തീരുമാനമെടുക്കാനാവാതെ യോഗം പിരിയുകയായിരുന്നു.
ഉച്ചക്ക് രണ്ടരക്ക് യോഗം തുടങ്ങിയ ശേഷം മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യാൻ തുടങ്ങിയതോടെ ചേരിതിരിഞ്ഞ് ബഹളമായി. മന്ത്രിയെ അനുകൂലിക്കുന്നവർ മാധ്യമങ്ങളെ പഴിചാരിയപ്പോൾ രാജിയിൽ കുറഞ്ഞ പരിഹാരം വേണ്ടെന്നായിരുന്നു മറുവിഭാഗത്തിന്റെ നിലപാട്. ബഹളം രൂക്ഷമായതോടെ പ്രസിഡന്റ് ഇടപെട്ട് ശാന്തരാക്കി. രണ്ട് മണിക്കൂർ നേരത്തെ യോഗത്തിന് ശേഷം കൃത്യമായ തീരുമാനം പറയാനാകാതെ സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ കുഴങ്ങി.
കേന്ദ്ര നേതൃത്വത്തിന്റെ സമ്മതത്തോടെയേ രാജി വെക്കൂ എന്ന സൂചനയാണ് നൽകിയത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞാൽ രാജി വെയ്ക്കുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. പാർട്ടി മന്ത്രിക്ക് പിന്നിലാണെന്ന് ആവർത്തിക്കുന്നുവെങ്കിലും മന്ത്രി രാജിവക്കണമെന്ന പൊതുതീരുമാനമാകും കേന്ദ്ര നേതൃത്വത്തെ അറിയിക്കുക. അതുവരെ സാവകാശം നൽകണമെന്ന കാര്യം എൻസിപി മുഖ്യമന്ത്രിയെയും മുന്നണി നേതൃത്വത്തെയും അറിയിച്ചു.