കുടുംബശ്രീ യൂണിറ്റുകളുടെ പണം തട്ടിയെടുത്തതായി പരാതി
മലപ്പുറം വണ്ടൂരിലെ കനറാ ബാങ്ക് ശാഖക്കെതിരെയാണ് പരാതി
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ബാങ്കുമായി ചേര്‍ന്ന് കുടുംബശ്രീ യൂണിറ്റുകളുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതി. മലപ്പുറം വണ്ടൂരിലെ കനറാ ബാങ്ക് ശാഖക്കെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പണം തിരികെ നല്‍കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കി. കനറാ ബാങ്കിന്റെ വണ്ടൂര്‍ ശാഖയില്‍ നിന്നും ലിങ്കേജ് ലോണിന് അപേക്ഷിച്ച അയല്‍ക്കൂട്ടങ്ങളാണ് തട്ടിപ്പിന് ഇരയായത്. അയല്‍ക്കൂട്ടങ്ങളുടെ ചുമതലക്കാരെ തെറ്റിദ്ധരിപ്പിച്ച് ഒപ്പും സീലും വാങ്ങി സ്വകാര്യ കമ്പനിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ പരാതിയുമായി എത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് മാനേജരെ ഉപരോധിച്ചു. നഷ്ടപ്പെട്ട പണം ഒരാഴ്ചക്കകം തിരികെ നല്‍കുമെന്ന് മാനേജര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി ബാങ്കിലെത്തി . പണം തിരികെ നല്‍കാമെന്നും അന്വേഷണം നടത്താമെന്നും രേഖാ മൂലം മാനേജര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐക്കാര്‍ പിരിഞ്ഞു പോയത്.
കുടുംബശ്രീ യൂണിറ്റുകള്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അക്കൗണ്ട് ഉടമകളെ അറിയിക്കാതെയും തെറ്റിദ്ധരിപ്പിച്ചുമാണ് ഈ രേഖകള്‍ കൈവശപ്പെടുത്തിയതെന്ന ആരോപണത്തിന് മറുപടി പറയാന്‍ ബാങ്ക് മാനേജര്‍ തയ്യാറായില്ല.