വിവാദ മെഡിക്കല്‍ ബില്‍; സര്‍ക്കാര്‍ തുടര്‍നടപടികള്‍ ഒഴിവാക്കുന്നു
ബില്ലുമായി ഏതെങ്കിലും തരത്തില്‍ മുന്നോട്ട് പോയാല്‍ പരമോന്നത കോടതിയില്‍ നിന്നടക്കം വീണ്ടും തിരിച്ചടി നേരിടാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കൊളേജുമായി ബന്ധപ്പെട്ട ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി അയച്ചത് കൊണ്ട് തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയേക്കില്ല. ബില്ലുമായി ഏതെങ്കിലും തരത്തില്‍ മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് വീണ്ടും കനത്ത തിരിച്ചടി നേരിടുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
ഭരണഘടനയുടെ 200 ആം അനുഛേദം അനുസരിച്ചാണ് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത്.ഇതോടെ കടുത്ത പ്രതിസന്ധിയിലകപ്പെട്ട സര്‍ക്കാര്‍ ബില്ലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്ത സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്തത് കൊണ്ട് ഇതിനെ മറികടന്ന് മറ്റൊരു തീരുമാനം ഉണ്ടാക്കാന്‍ സാധ്യതയില്ല. ഗവര്‍ണറുടെ നിലപാട് നിയമസഭയുടെ അധികാരത്തിന്മേലുള്ള കൈകടത്തലല്ലെന്നാണ് നിയമ വിദഗ്ധരുടേയും അഭിപ്രായം.
ബില്ലുമായി ഏതെങ്കിലും തരത്തില്‍ മുന്നോട്ട് പോയാല്‍ പരമോന്നത കോടതിയില്‍ നിന്നടക്കം വീണ്ടും തിരിച്ചടി നേരിടാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. അത് കൊണ്ട് തന്നെ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തുവെന്ന് പറഞ്ഞ് സര്‍ക്കാരും പ്രതിപക്ഷവും വിവാദ വിഷയത്തില്‍ നിന്ന് തടിയൂരാനാണ് സാധ്യത. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് ഉടനെ തന്നെ വ്യക്തമാക്കിയേക്കും.