കേരളം മീരാകുമാറിനൊപ്പം; എന്‍ഡിഎക്ക് ഉറപ്പുള്ളത് ഒരു വോട്ട് മാത്രം
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് എംഎല്‍എമാരുടെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് എംഎല്‍എമാരുടെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും ഭൂരിഭാഗം മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വോട്ട് രേഖപ്പെടുത്തി. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് രാംനാഥ് കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്തത്. ഉച്ചയോടെ 90 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
രാവിലെ 10ന് തന്നെ നിയമസഭയിലെ 604 ആം നമ്പര്‍ മുറിയില്‍ പ്രത്യേകമായി തയാറാക്കിയ പോളിങ് ബൂത്തില്‍ എംഎല്‍എമാര്‍ വോട്ട് ചെയ്യാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, തോമസ് ഐസക്, വി എസ് സുനില്‍ കുമാര്‍, മാത്യു ടി തോമസ് എന്നിവര്‍ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍, അനൂപ് ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ആദ്യമെത്തി വോട്ടിട്ടു. എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളും കേരള കോണ്‍ഗ്രസിന്‍റെ 6 എംഎല്‍എമാരും പി സി ജോര്‍ജും പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
ഏക ബിജെപി പ്രതിനിധി ഒ രാജഗോപാലിന്‍റെ വോട്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ലഭിച്ചത്. 152 മൂല്യമാണ് എംഎല്‍എമാരുടെ വോട്ടിനുള്ളത്. ഇതനുസരിച്ച 152 വോട്ട് മൂല്യം രോംനാഥ് കോവിന്ദിനും 20976 വോട്ട് മൂല്യം മീരാകുമാറിനും ലഭിക്കും. എംപി ആയി മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒഴിവ് നികത്താത്തതിനാല്‍ 139 എംഎല്‍എമാരുടെ വോട്ടാണ് സംസ്ഥാനത്തിനുള്ളത്. മുസ്‍ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല ചെന്നൈയില്‍ ആയതിനാല്‍ തമിഴ്നാട് നിയമസഭയില്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.