ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന്

Update: 2018-05-23 23:31 GMT
ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന്
Advertising

അതേ സമയം വീണ്ടും മധ്യസ്ഥ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ആശുപത്രി മാനേജുമെന്റുമായുള്ള ഒത്തുകളിയാണെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ല.

നഴ്‌സുമാര്‍ അടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മധ്യസ്ഥ ചര്‍ച്ച നടക്കും. രാവിലെ 10.30 ന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുക. അതേ സമയം വീണ്ടും മധ്യസ്ഥ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ആശുപത്രി മാനേജുമെന്റുമായുള്ള ഒത്തുകളിയാണെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ല.

Full View

നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് വീണ്ടും മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. രാവിലെ 10.30ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിവിധ സംഘടന പ്രതിനിധികളെ കൂടാതെ മിനിമം വേജസ് അഡ്‌വൈസറി ബോര്‍ഡിലെ മൂന്നംഗങ്ങള്‍, ലേബര്‍ കമ്മീഷണര്‍, ഹൈക്കോടതി നിയോഗിക്കുന്ന പാനലില്‍ നിന്നുള്ള രണ്ട് മധ്യസ്ഥര്‍ എന്നിവരും പങ്കെടുക്കും.

സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടാലും അന്തിമവിജ്ഞാപനം ഇറക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാരുടെ സംഘടനകള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നേക്കും. നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും കബളിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചതെന്നാണ് യുഎന്‍എയുടെ നിലപാട്.

മിനിമം വേജസ് വിജ്ഞാപനം ഇറക്കാന്‍ എല്ലാ പ്രക്രിയകളും അവസാനിച്ച സമയത്ത് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് സ്വകാര്യ ആശുപത്രി മുതലാളിമാരുമായുള്ള ഒത്തുകളിയാണെന്നും യുഎന്‍എ ആരോപിക്കുന്നു. മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് വിവിധ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജി കോടതി ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കും.

Tags:    

Similar News