മുനമ്പം വഖഫ് ഭൂമി വിഷയം; ജുഡിഷ്യൽ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു
കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെർട്ടിസാണ് നോഡൽ ഓഫീസർ
എറണാകുളം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡിഷ്യൽ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു. കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെർട്ടിസാണ് നോഡൽ ഓഫീസർ. ഈ മാസം 17നകം റിപ്പോർട്ട് സമർപ്പിക്കണം.
ഒരാഴ്ച മുന്നെയാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങളാണ്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം. സർക്കാർ സ്വീകരിക്കേണ്ട നടപടികളും കമ്മീഷൻ ശിപാർശ നൽകണം.
വഖഫ് നിയമ ഭേദഗതി വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുനമ്പം, ഒരു പ്രത്യേക വിഷയമായി സർക്കാർ പരിഗണിക്കുന്നു. കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് എന്നാൽ അവരുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തും. ആരെയും ഒഴിപ്പിക്കില്ല എന്നാണ് സർക്കാർ നയം. നിയമപരമായ നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാൻ കഴിയൂ,അത് സർക്കാർ പരിശോധിക്കും. നിയമോപദേശം ലഭിക്കേണ്ടതുണ്ട്, അതിനാണ് കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്. മൂന്ന് മാസം കൊണ്ട് റിപ്പോർട്ട് ലഭിക്കും.സ്റ്റേ നീക്കാൻ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യങ്ങൾ സമരക്കാരെ സർക്കാർ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു