പെരുമഴയത്ത് കിടപ്പാടമില്ലാതെ ആദിവാസികള്‍ ദുരിതത്തില്‍
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ സുരക്ഷിതമല്ലാത്ത ചെറുകൂരകളിലാണ് കോളനിയിലുള്ളവര്‍ താമസിക്കുന്നത്.
കിടന്നുറങ്ങാന്‍ സുരക്ഷിതമായ വീടുകളില്ലാതെ ആദിവാസികള്‍ ദുരിതത്തില്‍. പത്തനംതിട്ട തണ്ണിത്തോട്ടിലെ മണ്ണിയറയിലുള്ള ആദിവാസി കോളനിയിലുള്ളവരാണ് ദുരിതത്തില്‍ കഴിയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ സുരക്ഷിതമല്ലാത്ത ചെറുകൂരകളിലാണ് കോളനിയിലുള്ളവര്‍ താമസിക്കുന്നത്.
മലമ്പണ്ടാര ആദിവാസി വിഭാഗത്തില്‍ പെട്ട അഞ്ച് കുടുംബങ്ങളാണ് തണ്ണിത്തോട് മേഘലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഇങ്ങനെ ദുരിതപര്‍വ്വം പേറി കഴിയുന്നത്. ടാര്‍പോളിനും തകരഷീറ്റുകളും ഓലയും ഉപയോഗിച്ച് മേഞ്ഞ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന ചോര്‍ന്നൊലിക്കുന്ന കൂരകളിലാണ് ഇവര്‍ സകുടുംബം കഴിയുന്നത്. ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക് പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പെട്ട 6 പേരാണ് ഈ കോളനിയില്‍ മാത്രം ഉള്ളത് എന്നാല്‍ ഇനി എന്ന് നിയമനം ലഭിക്കുമെന്ന് പോലും ഇവര്‍ക്കറിയില്ല.
കോളനിയിലേക്ക് എത്തിപ്പെടാന്‍ വഴിസൌകര്യം ഇല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. നടന്ന് പോലും പോകാന്‍ കഴിയാത്ത വിധത്തിലുള്ള ഇപ്പോഴത്തെ വഴിയിലുടെ രോഗികളാവരെ എടുത്തുകൊണ്ട് പോകേണ്ട സ്ഥിതിയാണുള്ളത്. വഴിക്കും വീടിനുമായി ഇതിനകം പലതവണ ജനപ്രതിനിധികളെ സമീപിച്ചു. മുന്‍ റനവന്യൂ മന്ത്രികൂടിയായ സ്ഥലം എംഎല്‍എയോട് അടക്കം പരാതികള്‍ പറഞ്ഞെങ്കിലും പരിഹാരം മാത്രം ഇതുവരെയായും ഉണ്ടായില്ല.