കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ജനകീയ മാര്‍ച്ച്
റണ്‍വേ നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി ജനങ്ങളെ കുടിയിറക്കരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. അശാസ്ത്രീയമായി നടക്കുന്ന വികസനത്തിനായി ഒരിഞ്ച് ഭൂമിപോലും വിട്ടുതരില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ ലാന്റ് അക്വിസിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നീളം കൂട്ടുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് നടന്നത്. ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും റണ്‍വേ നവീകരണം പൂര്‍ത്തിയായതിനാല്‍ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ലാന്റ് അക്വിസിഷന്‍ ഓഫീസിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. വികസനത്തിന്റെ പേരില്‍ ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു.
പ്രദേശവാസികളെ പങ്കെടുപ്പിക്കാതെയാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. അടുത്ത മാസം എട്ടിന് സമരസമിതി പ്രവര്‍ത്തകരെ കൂടി പങ്കെടുപ്പിച്ച് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.