ബിജെപി കോര്‍കമ്മറ്റി യോഗം റദ്ദാക്കി
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം.
ആലപ്പുഴയില്‍ ചേരാനിരുന്ന നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ബി ജെ പി റദ്ദാക്കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. നാളെ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും.
മെഡിക്കല്‍ കോളെജ് കോഴ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അതി നിര്‍ണായകമായിരുന്നു ഇന്ന് ചേരാനിരുന്ന കോര്‍ കമ്മിറ്റിയോഗം. നേതൃത്വത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, അത് മാധ്യമങ്ങളില്‍ പ്രചരിച്ചതും പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടിയെ എത്തിച്ചത്. ഇതിനിടെയാണ് കോര്‍ കമ്മിറ്റി യോഗം റദ്ദാക്കിയത്.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുഖമില്ലാത്തതിനാലാണ് കോര്‍ കമ്മിറ്റിയോഗം മാറ്റിയതെന്നാണ് ബിജെപിയുടെ വിശദീകരണം. തിരുവനന്തപുരത്തുള്ള കുമ്മനത്തിന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കോര്‍ കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആ ഒരു നാണക്കേട് കൂടി ഒഴിവാക്കാനാണ് കോര്‍ കമ്മിറ്റി റദ്ദാക്കിയതെന്നും സൂചനയുണ്ട്. അതേ സമയം
നാളെ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും. ഇതിനു മുന്നോടിയായി കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നേക്കുമെന്ന സൂചനകളുമുണ്ട്. ആര്‍എസ് വിനോദിനെതിരായ നടപടി ചൂണ്ടിക്കാട്ടി തത്കാലത്തേക്ക് ആരോപണങ്ങളെ പ്രതിരോധിക്കാമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നാളെ ചേരുന്ന യോഗം ഇക്കാര്യത്തില്‍ എന്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.