കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒന്‍പതും പത്തും വാര്‍ഡുകാര്‍ക്ക് വീട് ഒരു സ്വപ്നം മാത്രമാണ്
കളമശ്ശേരിയിലെ എന്‍എഡിക്ക് സമീപമുള്ള വിടാക്കുഴ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കത്തതാണ് പ്രശ്നം
എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒന്‍പതും പത്തും വാര്‍ഡുകാര്‍ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ ചില്ലറ കടമ്പയൊന്നും കടന്നാല്‍ പോരാ. കളമശ്ശേരിയിലെ എന്‍എഡിക്ക് സമീപമുള്ള വിടാക്കുഴ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കത്തതാണ് പ്രശ്നം. ഇതോടെ മെട്രോ നഗരമായ കൊച്ചിയുടെ സമീപ പ്രദേശം പിന്നാക്കാവസ്ഥയിലായി.
റസാഖിന് പ്രധാനമന്ത്രിയുടെ സഹായ നിധിയില്‍ നിന്നും വീട് പണിയാനുള്ള തുക അനുവദിക്കപ്പെട്ടതാണ്. പക്ഷെ എന്‍ എ ഡിയെന്ന കേന്ദ്ര പ്രതിരോധ സ്ഥാപനത്തിന്റെ ദയ കാത്തിരുന്ന് കാത്തിരുന്നു ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്താവുന്ന അവസ്ഥയിലാണിപ്പോള്‍. ലൂയിസെന്ന അറുപതുകാരന്റെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഇടക്കിടക്ക് ഓടുകള്‍ ഇളകി വീഴുകയാണ്. മരം മുഴുവന്‍ ചിതലെടുത്തു. മുഴുവന്‍ രേഖകളും സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസും എന്‍ എ ഡി അധികൃതരും പരിശോധന നടത്തി തൃപ്തരായി മടങ്ങിയതാണ്. ബാബുവെന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ വീട് പണിയാന്‍ 2013ല്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് എപ്പോള്‍ നിലം പതിക്കുമെന്നറിയാത്ത വീട്ടില്‍ ഭാര്യയും പറക്കമുറ്റാത്ത മക്കളുമായി.
വീട് മാത്രമല്ല, എന്‍ എ ഡി അതിര്‍ത്തിയില്‍ നിന്ന് നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ അനുവാദമില്ലെന്ന ദുരവസ്ഥയിലാണ് നാട്ടുകാര്‍. വിഷയത്തില്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് പ്രതിരോധ വകുപ്പില്‍ നിന്ന് അനുകൂല നടപടിയെടുപ്പിച്ചില്ലെങ്കില്‍ ഒരു പ്രദേശത്തെ ഇരുട്ടിലേക്ക് തള്ളിയിടുന്ന നടപടിയാവും അത്.