എറണാകുളം ജില്ലയുടെ സമഗ്രവികസനം ലക്യമിട്ട് സെമിനാറുമായി സിപിഐയും
സിപിഎം നടത്തിയ വികസന സെമിനാറിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സിപിഐ
എറണാകുളം ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സിപിഎമ്മിന് പിന്നാലെ സിപിഐയും വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. വിഷന്‍ 2025 എന്ന് പേരിട്ടിരിക്കുന്ന സെമിനാര്‍ വ്യാഴാഴ്ച്ച ടൌണ്‍ഹാളില്‍ നടക്കും. സിപിഎം നടത്തിയ വികസന സെമിനാറിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നാണ് സിപിഐ നിലപാട്.
ജില്ലയുടെ സമഗ്രവികസനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് സിപിഐ വിഷന്‍ 2025 സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ആരോഗ്യം, കൃഷി, കുടിവെള്ളം, പശ്ചാത്തല സൌകര്യം, ചെറുകിട വ്യാപാരമേഖല, മാലിന്യസംസ്ക്കരണം തുടങ്ങി 12 ലേറെ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചയാവുക. നേരത്തെ ജില്ലയുടെ വികസനം സംബന്ധിച്ച് സിപിഎമ്മും വികസന സെമിനാര്‍ സംഘടിപ്പിച്ച് പദ്ധതി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ മുന്നണിയിലെ പാര്‍ട്ടികള്‍ വെവ്വേറെ സെമിനാര്‍ നടത്തുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ ജില്ലാനേതൃത്വം പറയുന്നു.
സിപിഐയുടെ മൂന്ന് മന്ത്രിമാരും സെമിനാറില്‍ ഉടനീളം പങ്കെടുക്കും. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. സിപിഎം നേതാക്കളെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. ജില്ലയില്‍ ഏറെകാലമായി ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതിനുപിന്നിലെന്നാണ് സൂചന.