നിയമസഭാ സമ്മേളനം നാളെ തുടങ്ങും; ജുലൈ എട്ടിന് ബജറ്റ്
എല്‍ഡിഎഫ് സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപനവും ബജറ്റും അവതരിപ്പിക്കുന്ന നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും.
എല്‍ഡിഎഫ് സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപനവും ബജറ്റും അവതരിപ്പിക്കുന്ന നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനവും എട്ടിന് ബജറ്റ് അവതരണവും നടക്കും. പ്രതിപക്ഷ സാന്നിധ്യം അറിയിക്കാന്‍ പ്രതിപക്ഷവും തയാറെടുക്കുന്നുണ്ട്.
നാളെ രാവിലെ 9 ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. പ്രസംഗത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അന്തിരിച്ച മുന്‍സ്പീക്കര്‍ ടിഎസ് ജോണിനെ അനുസ്മരിച്ച് തിങ്കളാഴ്ച സഭ പിരിയും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയായിരിക്കും നടക്കുക. പെരുന്നാള്‍ അവധിക്കായി പിരിയുന്ന സഭ 8 ന് പുനരാംരഭിക്കും. അന്നാണ് എല്‍ഡിഎഫ് സര്ക്കാരിന്റെ ആദ്യ ബജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വര്‍ഷത്തേക്കുള്ള ബജറ്റ് മാര്‍ച്ചില്‍ അവതരിപ്പിച്ചതിനാല്‍ പുതുക്കിയ ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കും. സര്‍ക്കാരിന്റെ മുഖം വ്യക്തമാക്കുന്ന പല പുതിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയാണ്. 14 നും 18 നും വോട്ട് ഓണ്‍ അക്കൌണ്ട് അവതരിപ്പിച്ച് പാസാക്കും.
തലശേശരിയിലെ ദലിത് പെണ്‍കുട്ടികളെ ജയിലടച്ച സംഭവം, ജിഷ വധത്തിലെ പൊലീസ് വിവരങ്ങള്‍ നല്‍കാത്തത്, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നിരവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയും പദവിയില്ലാതെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും എല്ലാം പ്രതിപക്ഷത്തെ നയിക്കാനുണ്ടാകും.