അക്രമിക്കാനെത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകരുത്; കോടിയേരിക്ക് പിന്നാലെ പി ജയരാജന്‍
പാര്‍ട്ടി കേന്ദ്രങ്ങള്‍ അക്രമിക്കാനെത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകരുതെന്ന് പി ജയരാജന്‍
കോടിയേരി ബാലകൃഷ്ണന് പിന്നാലെ വിവാദ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത്. പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിക്കാന്‍ വരുന്നവര്‍ അതിനു ശേഷം സന്തോഷത്തോടെ തിരിച്ചു പോകാന്‍ ഇടവരുത്തരുതെന്ന് ജയരാജന്‍ പറഞ്ഞു. അക്രമികള്‍ക്ക് പിന്നീട് അതിനു തോന്നാത്ത രീതിയില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ് ഉണ്ടാകണമെന്നും ജയരാജന്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്താനെത്തുന്നവരെ തിരിച്ചടിക്കണമെന്ന കോടിയേരിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ഇതിനു തൊട്ടു പിന്നാലെയാണ് കോടിയേരിക്ക് പിന്തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമത്തിനെത്തുന്നവര്‍ അതിനു ശേഷം സന്തോഷത്തോടെ തിരിച്ചു പോകരുതെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് കോടിയേരിയുടെ ഇന്നലത്തെ പ്രസംഗമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് അധികാരത്തിലെത്തിയതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ബിജെപി - ആര്‍എസ്എസ് നേതൃത്വം സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്നും ജയരാജന്‍ ആരോപിച്ചു.