സ്വാശ്രയ കോളജുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക ക്ലാസ്സെടുക്കൽ സമരം
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോളജുകള്‍ അടച്ചിട്ടത്.
നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളജുകൾ നടത്തുന്ന സമരത്തിനെതിരെ എസ്എഫ്ഐ പ്രതീകാത്മക ക്ലാസ്സെടുക്കൽ സമരം നടത്തി. കൃഷ്ണദാസ് മർദ്ദിച്ചു എന്ന് പരാതിപ്പെട്ട വിദ്യാർത്ഥി ഷബീർ പഠിക്കുന്ന ലക്കിടിയിലെ നെഹ്‌റു കോളജിന് മുമ്പിലായിരുന്നു സമരം.
ലക്കിടി നെഹ്‌റു കോളേജിൽ നിയമ വിദ്യാർത്ഥിയായ ഷെബീറിനെ ആറ് കിലോമീറ്റര്‍ അകലെയുള്ള പാമ്പാടി നെഹ്‌റു കോളേജിൽ വിളിച്ചു വരുത്തി മർദ്ദിച്ചു എന്നാണു കേസ്. ഷബീർ പഠിക്കുന്ന കോളജിന് മുന്നിലേക്ക് മാർച്ച് ചെയ്ത വിദ്യാർത്ഥികൾ പ്രതീകാത്മകമായി ക്ലാസ്സെടുത്തു.
വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ ആക്ഷേപിച്ചിരുന്ന സ്വാശ്രയ മാനേജ്‌മെന്‍റുകൾ ഒരു സ്വാശ്രയ മുതലാളി ജയിലിൽ കഴിയുന്നതിന്‍റെ പേരിൽ സമരം ചെയ്യുന്നത് അപഹാസ്യമാണെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിചേരി പറഞ്ഞു.